അറസ്റ്റിലായ നൈനാ പാണ്ഡേ, സെൽവ ഗണേശൻ, ഷെഫിറുൾ ഇസ്ലാം
ഉള്ളൂര്‍: സ്മാര്‍ട്ട്ഫോണ്‍ വാങ്ങിനല്‍കിയതു തിരികെ ചോദിച്ചതിലുള്ള വിരോധം നിമിത്തം ഗൃഹനാഥനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച മൂന്നംഗസംഘം അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ പീരുമേട് നല്ലതണ്ണി കോളനി ദീപം ഹൗസില്‍ സെല്‍വ ഗണേശന് (28), ആസാം സോണിപ്പൂര്‍ ദേഖിയജൂലി ബെന്സിമാരിയില് ഷെറിഫുള്‍ ഇസ്ലാം (23), ഗുവാഹത്തി റെയില്‍വേ ക്വാര്‍ട്ടേഴ്സിനു സമീപം വിബിസി കോളനി ബ്ലോക്ക് 582-ല്‍ നൈന പാണ്ഡെ (30) എന്നിവരാണ് പിടിയിലായത്.
കടകംപള്ളി അണമുഖം വെണ്‍പാലവട്ടം അപ്പിയത്ത് വീട്ടില്‍ ത്യാഗരാജന് ആശാരിയുടെ മകന് ബൈജു (56) ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ബൈജുവിന്റെ വീടിനു സമീപമാണ് പ്രതികള്‍ താമസിച്ചുവന്നിരുന്നത്. മാസങ്ങള്‍ക്കുമുമ്പ് ബൈജുവിനു പ്രതികളിലൊരാളായ നൈന പാണ്ഡെയുമായി അടുപ്പമുണ്ടായി. ഈ ബന്ധം ദൃഢമായതോടെ ബൈജു ഒരു സ്മാര്‍ട്ട്ഫോണ്‍ നൈനയ്ക്കു വാങ്ങിനല്‍കുകയുണ്ടായി. എന്നാല്‍ പിന്നീട് നൈനയ്ക്ക് പ്രതികളിലൊരാളായ സെല്‍വ ഗണേശനുമായി അടുപ്പമുള്ളതായി ബൈജുവിനു സംശയമുണ്ടായി. ഇതോടുകൂടിയാണ് താന്‍ വാങ്ങിനല്‍കിയ സ്മാര്‍ട്ട്ഫോണ്‍ ബൈജു തിരികെ ചോദിച്ചത്. ഇതോടെ നൈനയ്ക്ക് ഇയാളോടു വിരോധമായി. സമീപ താമസക്കാരായ സെല്‍വ ഗണേശന്, ഷെറിഫുള്‍ ഇസ്ലാം എന്നിവരോട് ഇക്കാര്യം നൈന പറയുകയും ബൈജുവിനെ ആക്രമിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
18ന് രാത്രി 9.45ന് പ്രതികളിലൊരാള്‍ ബൈജുവിനെ കോട്ടമുകളിലെ വീട്ടിലേക്കു വിളിച്ചുവരുത്തുകയും ഇവിടെവച്ച് ആക്രമിക്കുകയുമായിരുന്നു. ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയും സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതുകൂടാതെ കളവാന്തി എന്ന ആയുധം ഉപയോഗിച്ച് ശരീരത്തിൽ അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. അരിശം തീരാത്ത പ്രതികള്‍ സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് വലതുകൈയിലെ മോതിരവിരലിലും നട്ടെല്ലിനും മുതുകിനും പരിക്കേല്‍പ്പിക്കുകയും ചെയ്തു.
സംഭവത്തിനുശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട പ്രതികള്‍ തിരികെ താമസസ്ഥലത്ത് എത്തിയതറിഞ്ഞ് മെഡിക്കല്‍കോളജ് സിഐ ഗിരിലാല്‍, എസ്ഐമാരായ ജി.സി. വിപിന്‍, മുഹമ്മദ് യാസീന്‍, തമസ്, സിപിഒമാരായ അരവിന്ദ്, നൗഫന്‍, ഇന്‍ഷാദ്, മുബാറക്ക്, സുമേഷ്, അശ്വതി, എവിലിന്, ബിനിത, മീനു എന്നിവര്‍ ഉള്‍പ്പെട്ട സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ക്രൂരമായ പീഡനമേറ്റ ബൈജു ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags :