തൃശൂർ കൈരളി-ശ്രീ തിയേറ്റർ പരിസരത്ത് തമ്പടിച്ച തെരുവുനായ്ക്കൾ.
തൃശൂർ: ജില്ലയിൽ തെരുവുനായ ശല്യം അതിരൂക്ഷമാകുന്നു. തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ തൃശൂർക്കാരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് തെരുവു നായ്ക്കളുടെ എണ്ണത്തിലും ആക്രമണങ്ങളിലും വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ഭീതി പടരുമ്പോഴും കൃത്യമായ നടപടികൾ സ്വീകരിക്കാനോ ശാശ്വത പരിഹാരം കാണാനോ അധികൃതർക്ക് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നായ്ക്കളുടെ വന്ധ്യംകരണ പ്രക്രിയ ഊർജിതമായി നടക്കുന്നുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാൽ, തെരുവുനായ്ക്കളുടെ പെരുപ്പത്തിലും അക്രമ സ്വഭാവത്തിലും ഒരു കുറവും വന്നിട്ടില്ല. വന്ധ്യംകരണ പദ്ധതികൾ കൃത്യമായ മാനദണ്ഡങ്ങളോടെയും സമയബന്ധിതമായും തദ്ദേശ സ്ഥാപനങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്നതിൽ ദുരൂഹതയേറുകയാണ്. വന്ധ്യംകരണം നടത്തിയ നായ്ക്കളുടെ എണ്ണത്തിൽ അധികൃതർ പറയുന്ന കണക്കുകൾ കടലാസിൽ മാത്രമാണെന്നും, യഥാർഥത്തിൽ ഇതിന്റെ ഫലം കാണാനില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
ശ്വാനസേനയുടെ രാത്രിഭരണം
ഗ്രാമങ്ങളിലെ വിജനമായ വഴികളിൽ മാത്രമല്ല, തൃശൂർ നഗരത്തിന്റെ നെഞ്ചിൽപ്പോലും ജനങ്ങൾക്ക് രക്ഷയില്ലാത്ത അവസ്ഥയാണിപ്പോൾ. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ പടിഞ്ഞാറേക്കോട്ട, കൈരളി-ശ്രീ തിയേറ്റർ പരിസരങ്ങളിലെല്ലാം അഞ്ചും ആറും നായ്ക്കളാണ് എപ്പോഴും തമ്പടിക്കുന്നത്.
സിനിമ കഴിഞ്ഞ് രാത്രി വൈകി ഇറങ്ങുന്ന കുടുംബങ്ങൾക്കും കാൽനടയാത്രക്കാർക്കും നേരെ ഇവ പലപ്പോഴും പാഞ്ഞടുക്കുന്നുമുണ്ട്. നഗരത്തിലെ തിരക്കേറിയ കുറുപ്പം റോഡിലെ അവസ്ഥയാകട്ടെ ഇതിലും ഭീകരമാണ്. രാത്രിയായാൽ ഇരുപതിലേറെ തെരുവുനായ്ക്കളാണ് ഇവിടെ കൂട്ടത്തോടെ റോഡ് കൈയടക്കുന്നത്. ഈ വഴി പോകുന്ന വാഹനങ്ങൾക്കു പിന്നാലെ കുരച്ചുകൊണ്ട് ഓടുന്ന നായ്ക്കൾ പുലർച്ചെയെത്തുന്ന പത്രവിതരണക്കാർക്കും കച്ചവടക്കാർക്കും വലിയ ഭീതിയാണ് നൽകുന്നത്.
സ്കൂളിലും നായ്പ്പേടി
മക്കളെ ധൈര്യത്തോടെ സ് കൂളിലേക്ക് വിടാൻ പോലും മാതാപിതാക്കൾക്ക് കഴിയുന്നില്ല. ചെറുതുരുത്തിയിൽ കഴിഞ്ഞ ദിവസം 13 വയസുള്ള രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്കാണ് തെരുവു നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിലെ വാഹന ഷെഡിൽ തെരുവുപട്ടി പ്രസവിച്ചു കിടക്കുകയും വിദ്യാർഥികളെ ആക്രമിക്കാൻ മുതിരുകയും ചെയ്തതിനെത്തുടർന്ന് രണ്ടുദിവസം സ്കൂളിന് അവധി നൽകേണ്ടിവന്നു. കോട്ടപ്പടി ആർസിയുപി സ്കൂൾ പരിസരവും തെരുവുനായ്ക്കളുടെ താവളമായി മാറിയത് നേരത്തെ ഏറെ ചർച്ചയായിരുന്നു.
വീട്ടിലും കയറും
തെരുവിൽ മാത്രമല്ല, വീടിനുള്ളിൽ പോലും ജനങ്ങൾക്ക് സുരക്ഷിതത്വമില്ലാതായിരിക്കുന്ന സംഭവങ്ങൾക്കും ജില്ല സാക്ഷ്യംവഹിച്ചു. എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലംപടിയിൽ 84 വയസുള്ള കിടപ്പുരോഗിയായ കാർത്യായനിയെ തെരുവു നായ വീട്ടിൽ കയറി കടിച്ചുകൊന്നത് നടുക്കുന്ന വാർത്തയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന മകൻ ദേവദാസിനും ഗുരുതരമായി പരിക്കേറ്റു.
കഴിഞ്ഞമാസം അഷ്ടമിച്ചിറയിൽ ഭിന്നശേഷിക്കാരൻ ഉൾപ്പെടെ മൂന്നുപേരെ കടിച്ചുകീറിയ തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത് വരും ദിവസങ്ങളിൽ വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ സൂചനയാണ്. ജനങ്ങളുടെ ജീവന് പുല്ലുവില കല്പിക്കുന്ന ഈ അവസ്ഥയ്ക്ക് അടിയന്തരമായി വിരാമമിടാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ജില്ലാ ഭരണകൂടവും തയാറാകുമോ... അതോ ഇനിയും ചോര വീഴാൻ കാത്തിരിക്കുമോ എന്നാണ് തൃശൂർക്കാർ ചോദിക്കുന്നത്.
പാഞ്ഞടുക്കുന്ന മരണം
ഇരുചക്രവാഹന യാത്രക്കാരുടെ ജീവനും തെരുവു നായ്ക്കൾ കവരുകയാണ്. കഴിഞ്ഞ ജൂണിലാണ് മുറ്റിച്ചൂർ സ്വദേശി തൊപ്പിയിൽ സെയ്തുമുഹമദിന്റെ ഭാര്യ സുഹ്റ, തെരുവു നായയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് വീണു മരിച്ചത്.
സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം വാണിയംപാറ സർവീസ് റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്ത യുവാക്കൾക്ക് നേരെ നായ പാഞ്ഞടുത്തു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് കോൺക്രീറ്റ് ഡിവൈഡറിലിടിച്ചു രണ്ടുപേർക്കു പരിക്കേറ്റു. ഒരാളുടെ കാലിന്റെ പരിക്കു ഗുരുതരമാണ്.
Tags : Thrissur Nattuvishesham District News