പരയ്ക്കാട് തേവർ സുവർണമുദ്ര പുരസ്കാരങ്ങൾ
കാഞ്ഞാണി: പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രക്ഷേമസമിതിയുടെ പരയ്ക്കാട് തേവർ സുവർണമുദ്ര പുരസ്കാരങ്ങൾ പഞ്ചവാദ്യപ്രമാണി പരയ്ക്കാട് തങ്കപ്പൻമാരാർ, ഇലത്താളം പ്രമാണി പരയ്ക്കാട് ബാബു, മേളപ്രമാണി തൃപ്രയാർ അനിയന്മാരാർ എന്നിവർക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
29ന് രാവിലെ ഒമ്പതിന് പരയ്ക്കാട് വിദ്യാരണ്യ വിദ്യാനികേതൻ സ്കൂളിൽനടക്കുന്ന പരിപാടി തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമ തമ്പുരാൻ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പുരസ്കാര വിതരണവുംഅദ്ദേഹം നടത്തും.
ഡിജിപി എസ്. ശ്രീജിത്ത് പ്രശസ്തിപത്ര സമർപ്പണവും, ലഫ്. കേണൽ ഋഷി രാജലക്ഷ്മിനായർ മംഗളപത്ര സമർപ്പണവും നടത്തും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ എന്നിവർ ചേർന്ന് മൂന്നുപേർക്കും പൊന്നാട അണിയിക്കും. തന്ത്രി പഴങ്ങാംപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി, അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എൽ. ജോൺസൺ, ജയരാജ് വാര്യർ, ഡോ. എൻ. ബാലഗോപാൽ തുടങ്ങിയവർ പങ്കെടുക്കും. സോപാനസംഗീതം, ഡബിൾ തായമ്പക, പഞ്ചവാദ്യം, സോപാനാമൃതം എന്നിവ നടക്കും. പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ സദാശിവൻ പട്ടിയിൽ, ക്ഷേത്രവാദ്യകലാ അക്കാദമി പ്രസിഡന്റ് അന്തിക്കാട് പദ്മനാഭൻ, വാത്തിയിൽ ദേവദാസ്, ശ്രീകുമാർ കേളത്ത്, മധുസൂദനൻ എന്നിവർ പങ്കെടുത്തു.
Tags : Suvarnamudra nattuvishesham localnews Presentation of the Paraykkad Thevar