പ്രതീകാത്മക ചിത്രം
വടക്കാഞ്ചേരി: പീച്ചി - വാഴാനി ടുറിസം കോറിഡോറിൽ പുന്നംപറമ്പ് സെന്റർ അപകടങ്ങളുടെ കേന്ദ്രമായിമാറുന്നു.മികച്ച റോഡും ഭൂമിശാസ്ത്രപരമായ കിടപ്പും ട്രാഫിക് നിയമലംഘനങ്ങളും അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. വൺവേ തെറ്റിച്ചെത്തുന്ന വാഹനങ്ങളാണ് അപകടത്തിന്റെ കേന്ദ്ര ബിന്ദു. റോഡിനു വീതി ആവശ്യത്തിലധികമുണ്ട്.
സുരക്ഷയ്ക്കായി ഇരുവശത്തും നടപ്പാതകളും പുന്നംപറമ്പ് ഉന്നതി മുതൽ മച്ചാട് ഗവ. ഹൈസ്കൂൾ വരെ റോഡിന് നടുവിൽ ഡിവൈഡറും സീബ്രാലൈനുകളോടൊപ്പം മറ്റ് സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പക്ഷെ ആവശ്യമായ വെളിച്ച സംവിധാനങ്ങൾ ഇല്ലാത്തതും പുന്നംപറമ്പ് സെന്ററിനെ അപകടത്തുരുത്താക്കുന്നു.
കഴിഞ്ഞദിവസം രാവിലെ ചരക്ക് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തൃശൂരിലെ ഫ്ലാറ്റുകളിൽനിന്ന് ഭക്ഷണാവശിഷ്ടങ്ങളുമായിവന്ന ഓട്ടോറിക്ഷ പുന്നംപറമ്പ് റോയൽ ഹൈപർമാർക്കറ്റിന് മുന്നിൽവച്ച് കാറിന് പിന്നിലിടിച്ച് ഫുട്പാത്തിലേക്ക് കയറി.
അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. സംസ്ഥാന പാതയിൽ വേഗനിയന്ത്രണത്തിന് നടപടി വേണമെന്നും പഞ്ചായത്ത് അഴിച്ചുമാറ്റിയ ലെെറ്റുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെയും യാത്രികരുടെയും ആവശ്യം.
Tags : nattuvishesham localnews Peechi-Vazhani Tourism Corridor