മുള്ളേരിയ: ഒരിടവേളയ്ക്കു ശേഷം കാറഡുക്ക പഞ്ചായത്തിൽ വീണ്ടും പുലിഭീതി. കഴിഞ്ഞദിവസം രാത്രിയും ഇന്നലെ രാവിലെയും നാട്ടുകാർ പുലിയെ നേരിട്ടു കണ്ടതോടെ ജില്ലാ കളക്ടറുടെ അടിയന്തര നിർദേശപ്രകാരം വനംവകുപ്പ് മറ്റു നടപടിക്രമങ്ങൾ ഒഴിവാക്കി കൂട് സ്ഥാപിച്ചു. പഞ്ചായത്തിലെ നാലാം വാർഡ് ജയനഗറിലാണ് കൂട് സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ സമീപപ്രദേശങ്ങളിൽ അഞ്ചു നായ്ക്കളുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടുതവണയായി നാട്ടുകാർ പുലിയെ നേരിട്ടുകണ്ടത്. ഒരുവർഷം മുമ്പ് കാറഡുക്ക, മുളിയാർ, ബേഡഡുക്ക പഞ്ചായത്തുകളിൽ നിരവധി തവണ പുലിയിറങ്ങിയ സംഭവങ്ങളുണ്ടായിരുന്നു.
തെരുവുനായ്ക്കളും വളർത്തുമൃഗങ്ങളും പുലിയുടെ ഇരയാകുന്നതും പതിവായിരുന്നു. ഒടുവിൽ ബേഡഡുക്കയിൽ നിന്ന് രണ്ടു പുലികളെ കൂടുവച്ചു പിടിച്ചതോടെയാണ് പുലിഭീതിക്ക് ശമനമായിരുന്നത്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യുവിന്റെ മേൽനോട്ടത്തിൽ കാറഡുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എ. ബാബുവിന്റെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്. വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.
Tags : nattu vishesham Tiger spotted Karadukka