ജില്ലാ കളക്ടർ പി. വിഷ്ണുരാജ് സംസാരിക്കുന്നു.
കണ്ണൂർ: ദേശീയപാതയിലൂടെ അപകടരഹിത സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ ജില്ലാ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ജില്ലാ കളക്ടർ ചെയർപേഴ്സണായും ജില്ലാ പോലീസ് മേധാവി കൺവീനറുമായുള്ള ഡിസ്ട്രിക്ട് ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴാസാണ് രൂപീകരിച്ചത്. എഡിഎം, നാഷണല്‍ ഹൈവേ പ്രോജക്ട് ഡയറക്ടര്‍, എക്സിക്യൂട്ടീവ് എൻജിനീയര്‍, ആര്‍ടിഒ, എന്‍ഫോഴ്സ്മെന്റ് ആർടിഒ, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരടങ്ങിയതാണ് ടാസ്ക് ഫോഴ്സ്. തഹസില്‍ദാര്‍മാര്‍ കണ്‍വീനര്‍മാരായുള്ള താലൂക്ക്തല ടാസ്ക് ഫോഴ്സുകളും ഇതോടൊപ്പം ദേശീയ പാതയിലെ സുരക്ഷ ഉറപ്പാക്കും.
ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66 ലെ അപകടങ്ങള്‍ ഇല്ലാതാക്കുകയും സുരക്ഷിത യാത്ര ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ ദേശീയപാതയില്‍ പരിശോധന നടത്തും. അപകടസാധ്യതകളുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയും പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. നിലവിലെ ദേശീയപാതയില്‍ ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം സൂചക ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും.
പ്രകാശ സംവിധാനത്തിന്റെ അപര്യാപ്തത തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് 13 നകം റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ പി.വിഷ്ണുരാജ് കളക്ടറേറ്റിൽ ചേർന്ന യോഗതത്തിൽ നിർദേശം നൽകി. ദേശീയ പാത റോഡ് സുരക്ഷയുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ടാസ്ക് ഫോഴ്സ് ഏകോപിപ്പിക്കും. ഗതാഗത സൗകര്യങ്ങള്‍, അപകട സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തല്‍, ഉടനടി പരിഹാരം കാണല്‍, വാഹന ഗതാഗതത്തിന് തടസമായുള്ള കൈയേറ്റം തടയൽ, മറ്റു തടസങ്ങള്‍ നീക്കല്‍ എന്നിവയെല്ലാം ടാസ്ക് ഫോഴ്സ് നിരീക്ഷിക്കും. രണ്ടാഴ്ചയിലൊരിക്കല്‍ ടാസ്ക് ഫോഴ്സ് യോഗം ചേർന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്യും.
കളക്ടറേറ്റിൽ ചേർന്ന ടാസ്ക്ഫോഴ്സ് രൂപീകരണ യോഗത്തിന് കളക്ടർ പി.വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് കളക്ടര്‍ എസ്.സ്വാതി, സിറ്റി പൊലിസ് കമ്മീഷണര്‍ വിജയ് ഭാരത് റെഡ്ഢി, റൂറൽ ജില്ലാ പൊലിസ് മേധാവി ഉമേഷ് ഗോയല്‍, ദേശീയപാത അഥോറിറ്റി അധികൃതര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : NattuVishasham DistrictNews