തീപിടുത്തം അഗ്നിരക്ഷാ സേനയെത്തി അണയ്ക്കുന്നു.
ആലുവ: ആലുവ പ്രൈവറ്റ് ബസ്സ്റ്റാൻഡ് പ്രവേശന കവാടത്തിന് സമീപത്തെ തുണിക്കടയിൽ വൻ തീപിടുത്തം. ദീൻ ഇൻ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ ഇന്നലെ പുലർച്ചെ ആറോടെയാണ് തീപിടുത്തം ഉണ്ടായത്. കട പൂർണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശം സംഭവിച്ചിട്ടുണ്ട്.
രണ്ട് യൂണിറ്റ് ഫയർ എൻജിനുകളെത്തി തീ കെടുത്തിയെങ്കിലും കടയിലുണ്ടായിരുന്ന വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, എസികൾ ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പൂർണമായി കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ആറോടെ കടയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. ഈ സമയം കടയിൽ ആരുമുണ്ടായിരുന്നില്ല.
അതേ കെട്ടിടത്തിൽ മറ്റ് സ്ഥാപനങ്ങൾ കൂടി പ്രവർത്തിച്ചിരുന്നെങ്കിലും തീ പടരാതെ നിയന്ത്രിക്കാനായി. ആലുവ സ്വദേശിയായ റിയാസിന്റെ ഉടമസ്ഥതയിൽ കഴിഞ്ഞ നാലു വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. വസ്ത്രങ്ങൾക്ക് പുറമെ ലേഡീസ് ടെയ്ലറിംഗ്, പെർഫ്യൂമുകൾ, ഇസ്ലാമിക് പ്രസിദ്ധീകരണങ്ങൾ എന്നിവയും ഇവിടെ വിൽപന നടത്തുന്നുണ്ട്.
Tags : Fire NattuVishasham DistrictNews