മീന്തുള്ളി കോൺക്രീറ്റ് നടപ്പാലം കുത്തൊഴുക്കിൽ തകർന്ന നിലയിൽ.
കണ്ണൂർ: കാലവർഷം കനത്തതോടെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വ്യാപക നാശ നഷ്ടം. കർണാടക, ആറളം വനമേഖലകളിലും ഉളിക്കൽ പഞ്ചായത്തിലെ അറബി രണ്ടാംകൈയിലും ഉരുൾപൊട്ടി. മലവെള്ളപ്പാച്ചിലിലും കക്കുവ, ചീങ്കണ്ണി, പേരട്ട പുഴകൾ കരകവിഞ്ഞും ടൗണുകളിലും നിരവധി വീടുകളിലും വെള്ളം കയറി. അയ്യൻകുന്നിൽ ഇന്നലെ രാവിലെ 8.30 മുതൽ രാത്രി 9 വരെ 300 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
പുഴകൾ കരകവിഞ്ഞു;
പാലങ്ങൾ മുങ്ങി
മലയോരത്തെ വലുതും ചെറുതുമായ പുഴകൾ അപകടകരമായി നിറഞ്ഞ് ഒഴുകുകയാണ്. മഴ തോരാതെ പെയ്യുന്നതോടെ താഴ്ന്നപ്രദേശങ്ങൾ പലതും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പ്രധാന പുഴകളായ ബാരാപോൾ , ബാവലി , വയത്തൂർ പുഴകളും ഇവയുടെ കൈവഴികളായ പുഴകളും അപകടരേഖയ്ക്ക് മുകളിലേക്ക് വെള്ളം കുതിച്ചെത്തിയതോടെ നാല് പാലങ്ങൾ വെള്ളത്തിനടിയിലാണ്. വയത്തൂർ പുഴയിലെ വട്ട്യാംതോട് , മണിക്കടവ് , വയത്തൂർ പാലങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. ബാവലിപ്പുഴ കരകവിഞ്ഞതോടെ ആറളം ഫാമിലേക്കുള്ള പ്രധാന കവാടമായ പാലപ്പുഴ പാലം വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.
പാലങ്ങൾ വെള്ളത്തിനടിയിലായതോടെ ആറളം ഫാം, മണിക്കടവ്, മണിപ്പാറ മേഖലകൾ ഒറ്റപ്പെട്ടു . ചീങ്കണ്ണിപ്പുഴ കരകവിഞ്ഞ് ഒഴുകിയതോടെ ആറളം വന്യജീവി സങ്കേതം ഒറ്റപ്പെട്ടു. ആറളം വന്യജീവി സങ്കേത്തിന്റെപ്രധാന ഓഫിസ് കവാടവും വഴിയും വെള്ളം കയറി മൂടി. ചടിച്ചിക്കുണ്ട് കല്ലുവയൽ റോഡിൽ വീടിന്റെ സംരക്ഷണ ഭിത്തി റോഡിലേക്ക് പതിച്ചു. കേളോത്ത് വീട്ടിൽ പി. ബാബുവിന്റെ വീട്ടുമുതലാണ് ഭാഗികമായി തകർന്നത്. അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാം കടവിൽ മരം കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണു. വാണിയപ്പാറ പുഴയും വെമ്പുഴയും കരകവിഞ്ഞൊഴുകി.
ചെറുപുഴ: കർണാടക വനത്തിലും ചെറുപുഴ പഞ്ചായത്തിലെ വിവിധയിടങ്ങളിലും ഉരുൾപൊട്ടിയിതിനു പിന്നാലെ കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകി. ശക്തമായ ഒഴുക്കിൽ പാലങ്ങൾ തകർന്നു. ഉച്ചകഴിഞ്ഞ് മൂന്നോടെ രാജഗിരി ഇല്ലിമൂട്ടിൽ സാബുവിന്റെ പുരയിടത്തിൽ ഉരുൾപൊട്ടി വെള്ളവും ചെളിയും കാര്യങ്കോട് പുഴയിലേക്ക് കുത്തിയൊഴുകി. ജോസ്ഗിരിയിലെ മേത്തല റോബിയുടെ കൃഷിയിടത്തിലും ഉരുൾ പൊട്ടി. ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ റവന്യൂവിൽ ഒറ്റപ്പെട്ടു പോയ നാലു കുടുംബങ്ങളെ നാട്ടുകാർ രക്ഷപെടുത്തി. ഇവർ ബന്ധുവീടുകളിലേക്ക് താമസം മാറി. രാജഗിരിയിൽ കഴിഞ്ഞ ദിവസം കല്ല് ഇടിഞ്ഞു വീണതിന് സമീപത്തെ വീട്ടുകാരെ ബന്ധുവീടുകളിലേയ്ക്ക് മാറ്റിത്താമസിപ്പിച്ചു. കോഴിച്ചാൽ സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ ചെറുപുഴ പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കോലുവളളി കമ്പിപ്പാലം, മീന്തുള്ളയിലെ കോൺക്രീറ്റ് നടപ്പാലം, രാജഗിരി ഉന്നതിയിലേയ്ക്കുള്ള മുളപ്പാലം എന്നിവ ഒലിച്ചുപോയി. കാസർഗോഡ് ജില്ലയിലെ തയ്യേനി വായിക്കാനത്ത് ഉരുൾപൊട്ടി വെള്ളം ഏണിച്ചാൽ തോട് വഴി ഉച്ചയോടെ കാര്യങ്കോട് പുഴയിലെത്തിയതോടെ ജലനിരപ്പ് വീണ്ടും ഉയരുകയും ശക്തമായ കുത്തിയൊഴുക്കും അനുഭവപ്പെട്ടു. പട്ടത്തുവയൽ, താബോർ എന്നിവിടങ്ങളിലും വൻതോതിൽ മണ്ണിടിഞ്ഞു. ചെറുപുഴ കോഴിച്ചാൽ ഉന്നതിയിൽകുളം ഇടിഞ്ഞുതാണു.താബോർ - മുണ്ടേരിത്തട്ട് റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞു. രാജഗിരി - മരുതും തട്ട്, മരുതുംതട്ട് - ചേന്നാട്ടുകൊല്ലി, മരുതുംതട്ട് - ജോസ്ഗിരി റോഡുകൾ തകർന്നു. ഇതോടെ ജോസ്ഗിരി പ്രദേശം പൂർണമായി ഒറ്റപ്പെട്ടു.
ചെറുപുഴ - പുളിങ്ങോം - രാജഗിരി റോഡിൽ കന്നിക്കളത്ത് റോഡിൽ ഒരാൾ ഉയരത്തിൽ വെള്ളം പൊങ്ങി. ഉമയംചാലിലും റോഡിലും രണ്ടാൾ ഉയരത്തിലും വെള്ളം പൊങ്ങിയതോടെ ഗതാഗതം തടസപ്പെട്ടു. പുളിങ്ങോം - പാലാവയൽ പാലം പൂർണമായി മുങ്ങി. ചെറുപുഴ - കമ്പിപ്പാലം റോഡും തിയേറ്റർ റോഡും വെള്ളത്തി മുങ്ങി. ചെറുപുഴ ചെക്ക്ഡാം പാലം അടച്ചു. കൊല്പാട പാലവും വെള്ളത്തിൽ മുങ്ങി.
പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു
കണ്ണൂർ: ശക്തമായ മഴയിൽ പഴശി ഡാമിന്റെ റിസർവോയറിലേക്കുള്ള നീരൊഴുക്ക് വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഷട്ടറുകൾ നാലു മീറ്ററാക്കി ഉയർത്തി. അണക്കെട്ടിലെ 15 ഷട്ടറുകളും ഇത്തരത്തിൽ ക്രമീകരിച്ചു. ഇതേ തുടർന്ന് വൃഷ്ടി പ്രദേശങ്ങളായ പടിയൂര്‍, പായം, വിളമന, കീഴൂര്‍, വയത്തൂര്, ചാവശേരി എന്നിവിടങ്ങളില്‍ ബാവലിപ്പുഴയുടെ ഇരുകരകളിലുള്ളവരും ജലം ഒഴുകിപ്പോകുന്ന വളപട്ടണം പുഴയുടെ പടിയൂര്‍, ചാവശേരി, പൊറോറ, എളയന്നൂര്‍, കൊട്ടാരം, മണ്ണൂര്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്
കണ്ണൂർ: മഴ ശക്തമായി തുടരുന്നതിനാല്‍ അപകടസാധ്യത കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര- ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ ഡിടിപിസി, വനംവകുപ്പ് എന്നിവയുടെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് വിലക്കേര്‍പ്പെടുത്തിയത്. ഹൗസ്ബോട്ട്, ട്രക്കിംഗ്, ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ് എന്നിവയ്ക്കും നിരോധനമുണ്ട്. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡിടിപിസി അറിയിച്ചു. കടല്‍ ക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ ബീച്ചുകളിലേക്ക് ഉള്‍പ്പെടെ ഉള്ള യാത്ര ഒഴിവാക്കണമെന്നും ഡിടിപിസി അറിയിച്ചു.