പറമ്പിക്കുളം റോഡിൽ ആനപ്പാടിക്കു സമീപം വിനോദസഞ്ചാരികൾക്കു ദൃശ്യവിരുന്നായി റോഡിൽ അണിനിരന്ന ആനക്കൂട്ടം.
മുതലമട: പറമ്പിക്കുളം വനഭംഗി ആസ്വാദിക്കാനെത്തിയ സംഘത്തെ വരവേറ്റത് ആനക്കൂട്ടം. ഒരു കുട്ടിയാനയുൾപ്പെടെ ആറ് ആനകളാണ് റോഡിൽ നിലയുറപ്പിച്ചത് . വനം വകുപ്പിന്റെ വാഹനത്തിൽ സഞ്ചരിച്ച 25 ഓളം വിനോദ സഞ്ചാരികൾക്കും പിറകിലെത്തിയ തമിഴ്നാട് ബസ് യാത്രികർക്കുമാണ് ആനക്കൂട്ടം വിസ്മയകാഴ്ചയായത്.
കുട്ടിയാന ഉള്ളതിനാൽ ആനകൾ പ്രകോപിതരാകുമെന്ന് യാത്രക്കാർ ആശങ്കയിലായെങ്കിലും കുറച്ച് സമയത്തിന് ശേഷം ആനകൾ കാടുകയറി. സുങ്കം കോളനിക്കും ആനപ്പാടിക്കിടയിലുമാണ് കരിവീരന്മാർ റോഡിൽ കാണപ്പെട്ടത്.
വളരെ അപൂർവമായേ പകൽ സമയങ്ങളിൽ ആനക്കൂട്ടം റോഡ് മുറിച്ചു കടക്കാറുള്ളൂ എന്ന് ഫോറസ്റ്റ് വാച്ചർ പറഞ്ഞു.
മാൻകൂട്ടം, വിവിധയിനം പറവകൾ, കാട്ടുപോത്ത്, സിംഹവാലൻ കുരങ്ങുകൾ എന്നിവയെ വഴിയോരങ്ങളിൽ വ്യാപകമായി കാണാമെങ്കിലുംആനക്കൂട്ടം അപൂർവമായേ റോഡുകളിൽ എത്താറുള്ളു.
Tags : Tourists nattuvishesham local news