പ്രതീകാത്മക ചിത്രം
ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും
കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻരാവിലെ ഒന്‍പതു മുതല്‍ രാത്രി ആറു വരെ നഗരപരിധിയില്‍ ഭാരവാഹനങ്ങള്‍ പ്രവേശിക്കുന്നതു നിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നു. നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകളും, സ്കൂള്‍ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങള്‍ ഈ സമയ നഗരപരിധിയിൽ പ്രവേശിക്കുന്നത് നിരോധിച്ചാൽ അടിയന്തരപരിഹാരം കാണാൻ കഴിയുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിളിച്ചു ചേര്‍ത്ത യോഗത്തിൽ നിർദേശമുയർന്നു.
നഗരത്തില്‍ പ്രവേശിക്കേണ്ടതില്ലാത്ത ഭാരവാഹനങ്ങള്‍ മണര്‍കാട് -തിരുവഞ്ചൂര്‍-പട്ടിത്താനം ബൈപാസ് അടക്കമുള്ള മേഖലകളിലൂടെ തിരിച്ചുവിടുന്നതും കണ്ടെയ്നര്‍ ലോറികള്‍ നഗരത്തില്‍ പ്രവേശിക്കുന്നതിന് സമയം നിശ്ചയിക്കുന്നതും അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നതും പരിഗണിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
കഞ്ഞിക്കുഴി ജംഗ്ഷനില്‍ ഗതാഗതത്തിന് തടസമായി നില്ക്കുന്ന വൈദ്യുതി തൂണും ട്രാന്‍സ്ഫോര്‍മറുകളും മാറ്റിസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
മൂന്നു മാസത്തിനകം പരിഹരിക്കും
നഗരത്തിലെ ഗതാഗതക്കുരുക്ക് മൂന്നു മാസത്തിനകം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. സിമന്റ് ജംഗ്ഷന്-പാറേച്ചാല്‍-തിരുവാതുക്കല്‍, വടവാതൂര്‍ ബണ്ട് റോഡ് എന്നിവയുടെ ടെന്‍ഡര്‍ വിളിച്ച പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി വഴിതിരിച്ചുവിടുന്നതിന് സജ്ജമാക്കണം. ഈരയില്‍ക്കടവ് ബൈപാസ് ചിങ്ങവനം വരെ നീട്ടിയാല്‍ എംസി റോഡിലെ ഗതാഗതത്തിരക്ക് ഗണ്യമായി കുറയ്ക്കാനാകും. ഇതിനായി 650 മീറ്റര്‍ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഈ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.