മലപ്പുറം -തിരൂർ റൂട്ടിൽ വടക്കെമണ്ണയിൽ റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്നു.
മലപ്പുറം: കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് മലപ്പുറം-തിരൂർ റൂട്ടിൽ ആറുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചെ നാലരയോടെയാണ് മലപ്പുറം-തിരൂർ റോഡിൽ വെസ്റ്റ് കോഡൂരിനടുത്ത് വടക്കെമണ്ണയിൽ റോഡരികിലെ മണ്ണിടിഞ്ഞത്. വിവരമറിഞ്ഞ് മലപ്പുറം അഗ്നിരക്ഷാസേനയും പോലീസും റവന്യു അധികാരികളും സ്ഥലത്തെത്തി.
25 അടിയോളം ഉയരത്തിലുള്ള മണ്ണും മരങ്ങളും റോഡിലേക്ക് വീണ് റോഡ് പൂർണമായും അടഞ്ഞ നിലയിലായിരുന്നു. തുടർന്ന് മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് മണ്ണ് നീക്കം ചെയ്തു. റോഡിലേക്ക് വീഴാറായ ഏതാനും മരങ്ങൾ വെട്ടിമാറ്റി അപകടസാധ്യത ഒഴിവാക്കി. മണ്ണെടുക്കുന്നതിനിടെ തുടർ മണ്ണിടിച്ചിൽ ഉണ്ടായത് ആശങ്ക ഉയർത്തിയെങ്കിലും മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ മണ്ണ് പൂർണമായും നീക്കം ചെയ്തു. രാവിലെ പത്തരയോടെ റോഡ് ഗതാഗത യോഗ്യമാക്കി. മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ
എം. അബ്ദുൾ ഗഫൂർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും മലപ്പുറം പോലീസ് ഇൻസ്പെക്ടർ കെ. ഹരീഷ്, കോഡൂർ പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി, മെംബർമാരായ നീലൻ കോഡൂർ, ഫാസിൽ കരീം, വില്ലേജ് ഓഫീസർ ടി.പി. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗതാഗതം മുടങ്ങിയതോടെ ഈ റൂട്ടിലെ വാഹനങ്ങളെ ചെമ്മങ്കടവ് വഴി തിരിച്ചുവിടുകയായിരുന്നു.
കണ്ട്രോൾ റൂം തുറന്നു
മഞ്ചേരി: മഞ്ചേരി ഇലക്ട്രിക്കൽ സർക്കിളിന്റെ കീഴിൽ കണ്ട്രോൾ റൂം തുറന്നു. മഞ്ചേരി ഇലക്ട്രിക്കൽ സർക്കിളിന്റെ പരിധിയിലുള്ളവർക്ക് 9496010273 എന്ന നന്പറിൽ 24 മണിക്കൂറും വൈദ്യുതി തടസവും അപകട സാധ്യതയും സംബന്ധിച്ച് പരാതികൾ അറിയിക്കാം.
വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ അതത് സെക്ഷൻ ഓഫീസുകളിലോ 9496010101 എന്ന എമർജൻസി നന്പറിലോ അറിയിക്കണം. 9496001912, 1912 എന്ന ടോൾ ഫ്രീ നന്പറിലും പരാതികൾ അറിയിക്കാം. വൈദ്യുതി തടസം സംബന്ധിച്ച മുന്നറിയിപ്പുകൾ എസ്എംഎസ് മുഖേന ലഭ്യമാക്കുന്നതിന് ഉപഭോക്താക്കൾക്ക് വെബ് സൈറ്റിൽ മൊബൈൽ നന്പർ അപ്ഡേറ്റ് ചെയ്യാം.