നിർമാണം നിലച്ച ടാങ്ക് പൊളിച്ചുനീക്കി വീതി കൂട്ടണമെന്ന് ആവശ്യം
മുണ്ടക്കയം: അവധി ദിവസങ്ങളിലും ആഘോഷ ദിവസങ്ങളിലും മുണ്ടക്കയം ടൗണിനെയാകെ ഗതാഗതക്കുരുക്കിലാക്കുന്നത് മുണ്ടക്കയം കോസ്വേ പാലത്തിനു സമീപമുണ്ടാകുന്ന വാഹനത്തിരക്കാണ്. കോരുത്തോട്, പുഞ്ചവയൽ, എരുമേലി ഭാഗത്തേക്കുള്ള വാഹനങ്ങളും പൈങ്ങനായിൽനിന്ന് ബൈപാസ് റോഡിലൂടെ എത്തുന്ന വാഹനങ്ങളും കോസ്വേ പാലത്തിലേക്ക് എത്തുന്നതോടെ ഇവിടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്. ഈ ഭാഗത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് പലപ്പോഴും മുണ്ടക്കയം ടൗണിനെ പൂർണമായും നിശ്ചലമാക്കുന്ന അവസ്ഥയിലേക്ക് നീങ്ങാറുണ്ട്.
ബൈപാസ് ആരംഭിക്കുന്ന കോസ്വേ പാലം ജംഗ്ഷനിൽ റോഡിന്റെ വീതി കൂട്ടി അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ചാൽ ഒരു പരിധിവരെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. ഇതിന് തടസമായി നിൽക്കുന്നത് കോസ്വേ പാലത്തിന്റെ തുടക്കത്തിലുള്ള ഇറിഗേഷൻ വകുപ്പിന്റെ നിർമാണം നിലച്ച വാട്ടർ ടാങ്കാണ്.
വർഷങ്ങൾക്കു മുമ്പ് മുണ്ടക്കയം ബൈപാസ് റോഡിന്റെ നിർമാണം ആരംഭിക്കുന്നതിന് മുന്പേ മണിമലയാറ്റിലെ ജലനിരപ്പ് അളക്കുന്നതിനാണ് ഇറിഗേഷൻ വകുപ്പ് ഇവിടെ ടാങ്കും അനുബന്ധ സൗകര്യങ്ങളും സജ്ജീകരിച്ചത്. ബൈപാസ് റോഡിന്റെ നിർമാണം പൂർത്തിയായെങ്കിലും കോസ്വേ പാലത്തോടു ചേർന്ന് സ്ഥാപിച്ചിരുന്ന ടാങ്കും അനുബന്ധ സംവിധാനങ്ങളും മാറ്റാൻ ഇറിഗേഷൻ വകുപ്പ് തയാറായില്ല.
പിന്നീട് 2021ൽ ഉണ്ടായ മഹാപ്രളയത്തിൽ ഇത് പൂർണമായും തകർന്നു. വർഷങ്ങൾക്കുശേഷം ടാങ്ക് നവീകരിക്കുന്നതിന് പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. ഇപ്പോൾ ഇവിടെ കോൺക്രീറ്റ് തറയ്ക്കു മുകളിൽ പൊങ്ങിനിൽക്കുന്ന ഇരുമ്പു കമ്പികൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിൽ സ്വകാര്യവ്യക്തികൾ പരസ്യബോർഡുകളും മറ്റും സ്ഥാപിക്കുന്നതോടെ കോസ്വേ പാലത്തിൽനിന്ന് വരുന്ന ഡ്രൈവർമാർക്ക് ബൈപാസ് റോഡ് കാണാൻ കഴിയാത്ത സാഹചര്യമാണ്. പാതിവഴിയിൽ നിർമാണം നിലച്ച ഈ വാട്ടർ ടാങ്കും അനുബന്ധ സൗകര്യങ്ങളും പൊളിച്ചു നീക്കി റോഡിന്റെ വീതി വർധിപ്പിച്ചാൽ കോസ് വേ പാലത്തിലൂടെ വരുന്ന വാഹനങ്ങൾക്ക് വേഗത്തിൽ ബൈപാസിലേക്ക് തിരിയാൻ കഴിയും. ഇതോടെ ഇവിടെയുണ്ടാകുന്ന ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും.
കൂടാതെ കോസ്വേ പാലം മുതൽ ദേശീയപാതയിലേക്ക് കയറുന്നിടം വരെയുള്ള റോഡിന്റെ വശത്തെ വാഹന പാർക്കിംഗ്കൂടി ഒഴിവാക്കിയാൽ മേഖലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.