ഒടയംചാൽ: ടൗണിൽ ആധുനിക ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തണമെന്നും മത്സ്യമാർക്കറ്റ് സ്ഥാപിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) ഒടയംചാൽ യൂണിറ്റ് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
റോഡരികിലെ അനധികൃത കച്ചവടങ്ങൾക്കെതിരേ പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിൽ അനധികൃത നിർമാണങ്ങൾ നടത്തി അവിടെ ലൈസൻസോ മറ്റു സർട്ടിഫിക്കറ്റുകളോ ഇല്ലാതെ കച്ചവടം നടത്തുന്നവരുടെ എണ്ണം പെരുകുന്നത് ഏഴിലധികം ലൈസൻസുകൾ എടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളോടുള്ള അനീതിയാണ്. ടൗണിൽ എവിടെവച്ചും മത്സ്യക്കച്ചവടം നടത്താമെന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
വാർഷിക ജനറൽബോഡി യോഗവും നവീകരിച്ച വ്യാപാരഭവൻ കെട്ടിടവും ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. പുതുതായി നിർമിച്ച ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ.ജെ. സജി നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ തിളങ്ങിയവരെയും അനുമോദിച്ചു.
ചുള്ളിക്കര മേഖല കോ-ഓർഡിനേറ്റർ കെ. അഷ്റഫ്, പി.എൻ. സുനിൽ, സാജു ജോസ്, ഇബ്രാഹിം ഹാജി മുഹമ്മദ്, മേരി കോടോത്ത്, ജോസ് സേവ്യർ, ടി.സി. ടോമി, ലിജോ ടി.ജോർജ്, ഇ.എൻ. മോഹനൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഷിനോജ് ചാക്കോ- പ്രസിഡന്റ്, ലിജോ ടി. ജോർജ്- സെക്രട്ടറി, ഇ.എൻ. മോഹനൻ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.