പാലാ ജനറല്‍ ആശുപത്രി പരിസരത്ത് അപകടഭീഷണി ഉയര്‍ത്തി നില്ക്കുന്ന വന്‍ മരം.
പാലാ: ദിവസേന നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും പൊതുജനങ്ങളും എത്തുന്ന പാലാ ജനറല്‍ ആശുപത്രി പരിസരത്ത് അപകടഭീഷണി ഉയര്‍ത്തി വന്‍ മരം. ശക്തമായ മഴയിലും കാറ്റിലും ഏതു സമയത്തും കടപുഴകിവീഴുകയോ ശാഖകള്‍ ഒടിഞ്ഞുവീഴുകയോ ചെയ്യാവുന്ന നിലയിലുള്ള വാകമരം വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പൊതുപ്രവര്‍ത്തകനായ അനൂപ് ബോസ് ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
മരത്തിന് സമീപത്തായി മെഡിക്കല്‍ സ്റ്റോറുകളും കെട്ടിടങ്ങളും നടപ്പാതയും ഓട്ടോറിക്ഷാ സ്റ്റാൻഡും ആംബുലന്‍സ് സ്റ്റാൻഡും ബാങ്ക് കെട്ടിടവും പേ വാര്‍ഡും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമേ 11 കെവി വൈദ്യുതി ലൈനും സമീപത്തുകൂടി കടന്നുപോകുന്നുണ്ട്. മരത്തിന്റെ ശാഖകള്‍ വൈദ്യുതി ലൈനിലേക്ക് പതിക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ജീവഹാനിക്കും ഗുരുതരമായ പരുക്കുകള്‍ക്കും വന്‍ നാശനഷ്ടങ്ങള്‍ക്കും ഇടയാക്കാവുന്ന സാഹചര്യം ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടി കള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികളും മരത്തിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതും വ്യത്യസ്ത വിഷയങ്ങളായി പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അധികൃതര്‍ അടിയന്തരമായി ഇടപെടുമെന്ന പ്രതീക്ഷയാണ് നാട്ടുകാര്‍ക്കുള്ളത്.
Tags :