വടക്കഞ്ചേരി: വീടുകൾ കയറിയിറങ്ങി തൃപ്പന്നൂർ എയുപി സ്കൂളിലെ കുട്ടികൾ പറഞ്ഞു. അമ്മമാരേ, ചേച്ചിമാരേ,അങ്കിൾമാരേ.. ഷിഗെല്ല എന്നൊരു സാംക്രമികരോഗം നമ്മുടെ കിഴക്കഞ്ചേരി നാട്ടിലും പിടിപ്പെട്ടിട്ടുണ്ട്.അതിനാൽ കൂടുതൽ ശ്രദ്ധിക്കണം. മലിനമായ ഭക്ഷണം, വെള്ളം, കൈകൾ എന്നിവയിലൂടെ പകരുന്ന ഒരു വയറിളക്ക രോഗമാണിത്.
വയറിളക്കം, വയറുവേദന,പനി, ഛർദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. -അമാൻ, ശ്രീരാഗ്, അഭിമ, ശ്രേയ, ദിയ എന്നിരടക്കമുള്ള കുട്ടികൾ ഓരോരുത്തരും രോഗവിവരങ്ങളും ലക്ഷണങ്ങളും ഓരോ വീട്ടുകാരേയും ധരിപ്പിച്ചു.
വീട്ടിൽ കയറിവന്ന കുട്ടികൾ മാറിമാറി കാര്യങ്ങൾ വിശദീകരിച്ചപ്പോൾ വീട്ടുകാർക്കുമതു കൗതുകവും താത്പര്യവുമായി.
രോഗതീവ്രതക്കപ്പുറം കുട്ടികളുടെ അവതരണവും അറിവും സ്നേഹത്തോടെയുള്ള വിളികളും വീടുകളിലെ സ്ത്രീകൾക്കു ഏറെ ഇഷ്ടപ്പെട്ടു. പലരും കുട്ടികളുടെ സേവനത്തെ തത്സമയം അഭിനന്ദിക്കുകയും ചെയ്തിരുന്നു.
കിഴക്കഞ്ചേരി കൊട്ടടിയിൽ പതിമൂന്നുകാരന് ഷിഗെല്ല രോഗം പിടിപ്പെട്ട സാഹചര്യത്തിലാണ് സ്കൂളിലെ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹെഡ്മാസ്റ്റർ ജോബി ജോണിന്റെ നിർദേശപ്രകാരം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.
ഇതിനായി തയാറാക്കിയ പ്രത്യേക നോട്ടീസും കുട്ടികൾ വീടുകളിൽ വിതരണം ചെയ്തു. സ്കൂളിലെ ബുൾബുൾ യൂണിറ്റ് അംഗങ്ങളും അധ്യാപകരും പരിപാടികൾക്കു നേതൃത്വം നൽകി.