മൂവാറ്റുപുഴ നിര്‍മല കോളജില്‍ നടന്ന ബിഷപ് പോത്തനാമുഴി ഫൗണ്ടേഷന് അവാര്‍ഡുദാന ചടങ്ങില്‍ എഴുത്തുകാരനും പ്രഭാഷകനുമായ ഫാ. ബോബി ജോസ് കട്ടികാട് പ്രസംഗിക്കുന്
മൂവാറ്റുപുഴ: വിചാരണയുടെ വഴി പരിശുദ്ധതയിലേക്കുള്ള വഴിയാണെന്നും നിരന്തരമായ ആത്മവിചാരണയിലൂടെ മാത്രമേ ഒരു ആത്മാന്വേഷകന് പരമശാന്തിയില്‍ എത്തിച്ചേരാന്‍ സാധിക്കൂ എന്നും ചിന്തകനും പ്രഭാഷകനുമായ ഫാ. ബോബി ജോസ് കട്ടിക്കാട്. മൂവാറ്റുപുഴ നിര്‍മല കോളജ് ഓഡിറ്റോറിയത്തില്‍, പതിനൊന്നാമത് ബിഷപ് മാര്‍ മാത്യു പോത്തനാമുഴി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിചാരണ ചെയ്യപ്പെടുന്ന ജീവിതം എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. മറ്റുള്ളവരെ വിചാരണ ചെയ്യാനും കുറ്റപ്പെടുത്താനും തിടുക്കം കൂട്ടുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. എന്നാല്‍ തനിക്ക് ചുറ്റുമുള്ളവരെ കൃത്യമായി മനസിലാക്കാനും അവരെ വിചാരണയില്‍ അകപ്പെടുത്താതെ അവരുടെ ഉള്‍ക്കനവും വേദനകളും ആഴത്തില്‍ ഉള്‍ക്കൊണ്ട് ജീവിക്കാനും സാധിച്ച മഹനീയ വ്യക്തിത്വമായിരുന്നു കോതമംഗലം രൂപതയുടെ പ്രഥമ പിതാവായ മാര്‍ മാത്യു പോത്തനാമുഴി. മറ്റുള്ളവരുടെ ഉള്ളിലെ ഭാരങ്ങളെ മനസിലാക്കുന്നതാണ് യഥാര്‍ഥ മാനവികതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഫാ. ബോബി ജോസ് കട്ടിക്കാടിന് ഇത്തവണത്തെ ബിഷപ് പോത്തനാമുഴി ഫൗണ്ടേഷന് അവാര്‍ഡ് സമ്മാനിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വികാരി ജനറാൾ മോണ്‍. വിന്‍സെന്റ് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ചു.
ഫാ. ഡോ. തോമസ് പോത്തനാമുഴി ആമുഖ സന്ദേശം നല്കി. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജസ്റ്റിന് കെ. കുര്യാക്കോസ്, കോ-ഓര്‍ഡിനേറ്റര്‍ ഡോ. നിബു തോംസണ്‍, ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews