ചങ്ങനാശേരി: 2021ല്‍ കൈവിട്ടുപോയ ചങ്ങനാശേരി തിരിച്ചുപിടിച്ച് യുഡിഎഫിന്റെ മധുരപ്രതികാരം. കേരള കോണ്‍ഗ്രസ് അംഗം വിനു ജോബിന് ചരിത്രവിജയം. സിറ്റിംഗ് എംഎല്‍എയും കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാരസമിതി അംഗവുമായ ജോബ് മൈക്കിളിനെ പരാജയപ്പെടുത്തിയാണ് വിനു ജോബ് ചങ്ങനാശേരിയില്‍ വെന്നിക്കൊടി പാറിച്ചത്.
വിനുവിന്റെ വിജയത്തിലൂടെ ചങ്ങനാശേരി കോട്ട വീണ്ടും യുഡിഎഫിന്റേതായി. പിണറായി സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ തരംഗമാണ് ജോബ് മൈക്കിളിനെ വീഴ്ത്തി ചങ്ങനാശേരിയില്‍ വിനു ജോബിന് അട്ടിമറി വിജയം നേടിക്കൊടുത്തത്.
നിയോജക മണ്ഡലത്തിൽ ആകെയുള്ള 162885 വോട്ടുകളിൽ പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ 120618 എണ്ണമാണ് പോൾ ചെയ്തത്. വിനു ജോബിന് 55991 വോട്ടുകളും ജോബ് മൈക്കിളിന് 47623 വോട്ടുകളും ബി. രാധാകൃഷ്ണ മേനോന് 14803 വോട്ടുകളും ലഭിച്ചു. ഭൂരിപക്ഷം 8368.
പത്തുവര്‍ഷക്കാലം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന വിനു ജോബ് ഇപ്പോൾ ജില്ലാ പഞ്ചായത്ത് അംഗമാണ്. വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ വിനു ജോബ് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം പ്രവര്‍ത്തകനായിരുന്നു. എന്നാൽ, ഡോ.കെ.സി. ജോസഫ് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോൾ വിനു ജോബ് ആ പാര്‍ട്ടിയിലായി.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഏതാനും മാസംമുമ്പ് ബ്ലോക്ക് പഞ്ചായത്തംഗം രാജിവച്ച വിനു ജോബ് കേരള കോണ്‍ഗ്രസിൽ തിരിച്ചെത്തി. തുടർന്ന് ജില്ലാപഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാർഥിയായി. എല്‍ഡിഎഫിലെ മഞ്ജു സുജിത്തിനെ 736 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
ഇതോടെയാണ് കേരള കോണ്‍ഗ്രസിന്റെ സീറ്റായ ചങ്ങനാശേരിയില്‍ വിനു ജോബിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ഈ തീരുമാനത്തിന് ചങ്ങനാശേരിയിലെ കോണ്‍ഗ്രസ് നേതൃത്വം പച്ചക്കൊടി കാട്ടുകയായിരുന്നു. തുടർന്ന് യുഡിഎഫ് നടത്തിയ ചിട്ടയായ പ്രവര്‍ത്തനമാണ് വിനു ജോബിനെ വിജയത്തിലെത്തിച്ചത്. സര്‍ക്കാര്‍ വിരുദ്ധ തരംഗവും നിയോജകമണ്ഡലത്തിലെ മാടപ്പള്ളി പഞ്ചായത്തിലൂടെയുള്ള കടന്നുപോകുന്ന നിർദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതിയും യുഡിഎഫ് വിജയത്തിന് അനുകൂല ഘടകമായി.
അഞ്ചു വര്‍ഷത്തെ ഇടവേള;വീണ്ടും യുഡിഎഫ്
1980 മുതല്‍ ഒമ്പതുതവണ തുടര്‍ച്ചയായി കേരള കോണ്‍ഗ്രസ് സ്ഥാപകനേതാവ് കൂടിയായ സി.എഫ്. തോമസാണ് ചങ്ങനാശേരിയെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. സി.എഫിന്റെ മരണശേഷം 2021 മേയില്‍ നടന്ന തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് ജോബ് മൈക്കിള്‍ ചങ്ങനാശേരിയുടെ ജനപ്രതിനിധിയായത്.
ആയിരംകോടി രൂപയുടെ വികസന പദ്ധതികള്‍ നിരത്തിയാണ് രണ്ടാംതവണ ജോബ് മൈക്കിള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും സര്‍ക്കാര്‍ വിരുദ്ധ തരംഗത്തില്‍ ജോബ് മൈക്കിള്‍ കടപുഴകി. വിനു ജോബിന്റേത് പേയ്മെന്റ് സീറ്റാണെന്ന വലിയ ചര്‍ച്ച നിയോജകമണ്ഡലത്തില്‍ ഉയര്‍ത്തിവിട്ടെങ്കിലും ഇതൊന്നും ജനം ചെവിക്കൊണ്ടില്ല.
എ.എം. കല്യാണകൃഷ്ണന് നായര്‍, എന്‍. ഭാസ്കരന് നായര്‍, കെ.ജി.എന്‍. നമ്പൂതിരിപ്പാട്, കെ.ജെ. ചാക്കോ, സി.എഫ്. തോമസ്, ജോബ് മൈക്കിള്‍ എന്നിവര്‍ക്കുശേഷമാണ് വിനു ജോബ് കുഴിമണ്ണില്‍ ചങ്ങനാശേരിയുടെ ജനപ്രതിനിധിയായി നിയമസഭയില്‍ എത്തുന്നത്.
ചങ്ങനാശേരിയിലെ ലീഡ് നില
കുറിച്ചി: എൽഡിഎഫ് - 987
വാഴപ്പള്ളി: യുഡിഎഫ് - 2,163
മാടപ്പള്ളി: യുഡിഎഫ് - 3,375
തൃക്കൊടിത്താനം: യുഡിഎഫ് - 680
ചങ്ങനാശേരി: യുഡിഎഫ് - 1,502
പായിപ്പാട്: യുഡിഎഫ് - 988
Tags : UDF regains Changanassery