ചങ്ങനാശേരി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിച്ച് ടിവി ചാനലുകളിലും തെരഞ്ഞെടുപ്പ് സൈറ്റുകളിലും യുഡിഎഫ് മുന്നേറുന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ നാടൊട്ടുക്ക് ആഹ്ലാദാരവങ്ങള്‍.
ചങ്ങനാശേരി, പുതുപ്പള്ളി നിയോജകമണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടന്ന ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിനുമുമ്പില്‍ പ്രവര്‍ത്തകര്‍ രാവിലെതന്നെ തടിച്ചുകൂടിയെങ്കിലും പത്തുവരെ ലീഡു സംബന്ധിച്ച വ്യക്തമായ സൂചനകളൊന്നും പുറത്തുവന്നില്ല. ഇടതുകോട്ടയെന്നു വിശേഷിക്കപ്പെടുന്ന കുറിച്ചി പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യറൗണ്ടുകളില്‍ എണ്ണിയത്. ഇവിടെ സ്ഥാനാര്‍ഥി ജോബ് മൈക്കിളിന് മൂവായിരത്തോളം വോട്ടുകളെങ്കിലും ലീഡുവരുമെന്നാണ് എല്‍ഡിഎഫ് കരുതിയിരുന്നത്. എന്നാല്‍, ജോബ് മൈക്കിളിന് 987 വോട്ടുകളുടെ ലീഡേ ലഭിച്ചുള്ളൂ. ഇതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍ മ്ലാനതയും യുഡിഎഫ് പ്രവര്‍ത്തകരില്‍ പ്രതീക്ഷയും ജനിച്ചു.
തുടര്‍ന്നു വോട്ടെണ്ണിയ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ വാഴപ്പള്ളി, മാടപ്പള്ളി പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിനു ജോബിന്റെ ലീഡ് നില മെച്ചപ്പെട്ടു. തുടര്‍ന്ന് വന്ന റൗണ്ടുകളില്‍ തൃക്കൊടിത്താനം പഞ്ചായത്തിലും ചങ്ങനാശേരി നഗരപരിധിയിലും പായിപ്പാട് പഞ്ചായത്തിലും ലീഡ് നില ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞു.
പായിപ്പാട് പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണമാണെങ്കിലും യുഡിഎഫിന് ആയിരത്തിലേറെ വോട്ടുകള്‍ കൂടുതല്‍ ലഭിച്ചു. ലീഡ് നില ഉയര്‍ന്നതോടെ എസ്ബി സ്കൂളിനു മുമ്പിലേക്ക് കൂടുതല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി മുദ്രാവാക്യം വിളിച്ചു. ഉച്ചയ്ക്ക് ഒന്നിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി വിജയമുറപ്പിച്ച് പുറത്തേക്കുവന്ന യുഡിഎഫ് സ്ഥാനാര്‍ഥി വിനു ജോബിനെ പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് അനുമോദിച്ചു. തുടര്‍ന്ന് വിനു ജോബും നേതാക്കളും തുറന്ന ജീപ്പില്‍ പാറേല്‍ പള്ളിയുടെ കുരിശടിയിലെത്തി നേര്‍ച്ചയിട്ടു പ്രാര്‍ഥന നടത്തി. തുടര്‍ന്ന് ആഹ്ലാദ പ്രകടനമായി മണ്ഡലത്തിലേക്ക്.
ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി വിനു ജോബ് പാറേല്‍ പള്ളിയുടെ കുരിശടിയില്‍ പ്രാര്‍ഥനയ്ക്കെത്തിയപ്പോള്‍.