പ്രതീകാത്മക ചിത്രം
വിഴിഞ്ഞം: മുന്നറിയിപ്പ് ഏറെ ഫലം കണ്ടു, ഇന്നലെ അപ്രതീക്ഷിതമായി കടൽ ക്ഷോഭിച്ചെങ്കിലും അനിഷ്ട സംഭവ ങ്ങളില്ലാതെ രണ്ടാംദിനവും കഴിഞ്ഞു പോയി.
റെഡ് അലർട്ട് പ്രഖ്യാപിച്ചുള്ള കർശന ജാഗ്രത നിർദേശത്തിന് ഇന്നു രാത്രി അവസാനമാകുന്നതോടെ മത്സ്യത്തൊഴിലാളികളുടെ മൂന്നു ദിവസംനീണ്ട ആശങ്കക്കും അവസാനമാകും. കഴിഞ്ഞ ദിവസം നൽകിയ ജാഗ്രതാ നിർദേശത്തിന്റെ ലക്ഷണങ്ങൾ കടൽ ഇന്നലെ പ്രകടമാക്കിയിരുന്നു. കാറ്റിന്റെ സ്വാധീനം പോലുമില്ലാതെ ഇന്നലെ ഉച്ച മുതൽ കടൽ ഏറെ പ്രക്ഷുബ്ദമായത് ആശങ്കക്കിടവരുത്തി. എന്നാൽ വെള്ളിയാഴ്ച രാത്രിയിൽ മുന്നറിയിപ്പ് സന്ദേശം എത്തിയതിനു ശേഷം മത്സ്യബന്ധനത്തിന് അധികൃതർ പൂർണ വിലക്കേർപ്പെടുത്തിയത് ഏറെ ഗുണം ചെയ്തു. വീശിയടിച്ച തിരമാലകളുടെ പിടിയിൽപ്പെടാൻ പാകത്തിൽ ആരും വള്ളമിറക്കിയിരുന്നില്ല. നേരത്തെ വള്ളമിറക്കിയവരും അധികൃതരുടെ നിർദേശത്തെ തുടർന്നു വേഗത്തിൽ തീരമണഞ്ഞതും അനുഗ്രഹമായി. പരമ്പരാഗത വള്ളങ്ങൾ ഏറ്റവും അധികം കടലിൽ ഇറങ്ങുന്ന വിഴിഞ്ഞത്ത് വിലക്കിനൊപ്പം നിരീക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ വൈകുന്നേരത്തെ തെളിഞ്ഞ ആകാശംകണ്ട് നിരവധി വള്ളങ്ങൾ ഇറങ്ങി.ഏതു സാഹചര്യങ്ങളെയും നേരിടാനുള്ള വിഴിഞ്ഞത്തെ സേനാ വിഭാഗങ്ങളുടെ തയാറെടുപ്പ് തുടരുകയാണ്.
മത്സ്യത്തൊഴിലാളികളെയും തീരെദേശത്തെയും ആശങ്കയിലാഴ്ത്തിയ കള്ളക്കടൽ പ്രതിഭാസത്തെക്കുറിച്ചുള്ള ദേശീയ സമുദ്ര പരിസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പാണ് മൂന്നു ദിവസം നീണ്ട ജാഗ്രതയ്ക്ക് വഴിതെളിച്ചത്. ഉൾവലിയുന്ന കടൽ തീരത്തേക്ക് അടിച്ചു കയറി ജീവനും സ്വത്തിനും നാശനഷ്ടം വരുത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അലാറം വെള്ളിയാഴ്ച രാത്രിയിൽ മൊബൈൽ ഫോണുകളിൽ എത്തിയതു മുതലാണ് ജനം ഉണർന്നത്. തീരദേശത്തെ പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും കടലോര ജാഗ്രത സമിതികൾക്കും രാത്രിയിൽ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകി. മത്സ്യബന്ധന വള്ളങ്ങൾ കടലിൽ ഇറങ്ങുന്നതും നിയന്ത്രിച്ചിരുന്നു. തീരദേശ പൊലിസും തീരസംരക്ഷണ സേനയും മറൈൻ എൻഫോഴ്സ്മെന്റ് അധികൃതരും എല്ലാ സമയവും കടലിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
അപ്രതീക്ഷിതമായി മൊബൈലുകളിൽ വന്ന മുന്നറിയിൽ ആശങ്കയിലായ ജനം ബീച്ചുകളിലെ അവധി ആഘോഷത്തിനും കുറവ് വരുത്തി. ശനിയാഴ്ചകളിൽ സഞ്ചാരികളാൽ നിറയുന്ന കോവളത്തെ ബീച്ചുകളിലും ആശങ്ക പ്രകടമായിരുന്നു. കുറച്ചു മാത്രം സഞ്ചാരികളെത്തിയെങ്കിലും അവരെ കടലിൽ ഇറങ്ങാനോ, കുളിക്കാനോ അധികൃതർ അനുവദിചില്ല. ഇന്നലെ കൂടുതൽ പേർ ബീച്ചിൽ എത്തിയെങ്കിലും ഉച്ചമുതൽ തീരത്തേക്കു തിരമാലകൾ ശക്തമായി വീശിക്കയറിയത് കണക്കിലെടുത്തു നിയന്ത്രണത്തിന് അയവ് വരുത്തിയില്ല. തീരപ്രദേശങ്ങളിൽ അപ്രതീക്ഷിതമായി പെട്ടെന്നുണ്ടാകുന്ന ശക്തമായ തിരമാലകളും കടലാക്രമണവുമാണ് കള്ളക്കടൽ.
പ്രാദേശികമായി യാതൊരുവിധ ലക്ഷണങ്ങളോ ശക്തമായ കാറ്റോ ഇല്ലാതെ തന്നെ കടൽ പെട്ടെന്ന് ഉൾവലിഞ്ഞു കരയിലേക്ക് ആഞ്ഞടിച്ച് കയറുന്ന പ്രതിഭാസം ഏറെ അപകടകാരിയാണ്. മത്സ്യബന്ധന വള്ളങ്ങളെയും ബോട്ടുകളെയും കരയിലേക്ക് വലിച്ചെറിഞ്ഞ് അപകടം വരുത്തുന്നതോടൊപ്പം തീരത്തോടു ചേർന്ന താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആകാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു . തെക്കെ ഇന്ത്യൻ സമുദ്രത്തിൽ അന്റാർ ട്ടിക്കയോട് ചേർന്ന പ്രദേശങ്ങളിൽ ശക്തമായ കാറ്റിലും ന്യൂന മർദത്തിലും ഉണ്ടാകുന്ന വലിയ തിരമാലകൾ ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് കേരള, ലക്ഷദ്വീപ് തീരങ്ങളിലേക്ക് ആഞ്ഞടിച്ച് കയറുന്ന കള്ളക്കടൽ പ്രതിദാസം നാശനഷ്ടങ്ങൾ ഉണ്ടാക്കാം. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഈ പ്രതിഭാ സം ഉണ്ടാകാറുള്ളത്.
Tags : Nattuvishesham DistrictNews DeepikaNews