തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷാംഗങ്ങൾ പുറത്തേക്കുപോകുന്നു. -ദീപിക.
തിരുവനന്തപുരം: തെരുവുനായ ശല്യത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചും പ്രതിപക്ഷ കൗണ്‍സിലർമാർക്കെതിരേ വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപിച്ചും യുഡിഎഫ്, എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയതോടെ തിരുവനന്തപുരം കോർപറേഷന്റെ 15-ാം കൗണ്‍സിൽ യോഗം സംഘർഷഭരിതമായി. എത്ര നായ്ക്കളെ പിടികൂടി, എത്ര എണ്ണത്തിനെ വന്ധ്യംകരിച്ചുവെന്നതിനു കണക്കില്ലെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരിനാഥൻ ആരോപിച്ചു.
ഴിഞ്ഞത്തെ തെരുവുനായ ശല്യം പരിഹരിക്കുമെന്ന മേയറുടെ ഉറപ്പ് പാലിച്ചില്ലെന്ന് കൗണ്‍സിലർ സുധീർഖാനും കുറ്റപ്പെടുത്തി. ഇതിന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എം.ആർ. ഗോപൻ മറുപടി നൽകിയെങ്കിലും യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാക്കളെ അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് എൽഡിഎഫ് അംഗങ്ങളും യോഗം ബഹിഷ്കരിച്ച് കോർപറേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി.
നായ്ക്കൾക്കായി ഷെൽട്ടർ ഹോം നിർമിക്കാൻ വാർഡുകളിൽ പുറന്പോക്കു ഭൂമി കണ്ടെത്തണമെന്ന് മേയർ വി.വി. രാജേഷ് നിർദേശിച്ചു. സ്പാ കേസിൽ അറസ്റ്റിലായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഒ. അനുരൂപിനെ പിരിച്ചുവിടാൻ സർക്കാരിനോട് ശിപാർശ ചെയ്യാനും നഗരവികസനത്തിനും പൈതൃകസംരക്ഷണത്തിനുമായി സൊസൈറ്റി രൂപീകരിക്കാനും കൗണ്‍സിൽ തീരുമാനിച്ചു. കുടിവെള്ളക്ഷാമം, മാലിന്യം, വെള്ളക്കെട്ട് എന്നിവ പരിഹരിക്കാൻ കോണ്‍ക്ലേവ് സംഘടിപ്പിക്കാൻ തീരുമാനമായി.
Tags :