പ്രതീകാത്മക ചിത്രം
മലപ്പുറം: പൊന്നോണത്തെ വരവേല്‍ക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഉത്രാടപ്പാച്ചിലിന്റെ തിരക്കില്‍ മുഴുകി ജനങ്ങള്‍. തിരുവോണ നാളിലെ ആഘോഷങ്ങള്‍ക്കും വിഭവസമൃദ്ധമായ സദ്യക്കും വേണ്ട അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണ് മലയാളികള്‍. പൂക്കളത്തിനുള്ള പൂക്കള്‍, പച്ചക്കറികള്‍, കോടിവസ്ത്രങ്ങള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ വന്‍ ജനത്തിരക്കാണ് ഇന്നലെ മുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ അനുഭവപ്പെടുന്നത്. ജില്ലയിലെ നഗരങ്ങളിലെല്ലാം വന്‍ ഗതാഗതക്കുരുക്കാണ്. വസ്ത്രശാലകളിലും പച്ചക്കറി അങ്ങാടികളിലും ആളുകളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു.
സദ്യയൊരുക്കാന്‍ ആവശ്യമായ ശര്‍ക്കര വരട്ടി, ഉപ്പേരി, പഴം, മാങ്ങ, ഇഞ്ചി തുടങ്ങിയ വിഭവങ്ങള്‍ വാങ്ങാന്‍ ആളുകളുടെ നീണ്ട നിരതന്നെയാണ് എല്ലായിടത്തും. വഴിയോരക്കച്ചവടക്കാരും സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളും സജീവമാണ്. തുമ്പപ്പൂവും കാക്കപ്പൂവും തേടി നടന്നിരുന്ന പഴയകാലത്തില്‍നിന്ന് മാറി, തമിഴ്നാട്ടില്‍നിന്നുമെത്തുന്ന ജമന്തിയും റോജയും അരളി പൂക്കളുമാണ് ഇത്തവണയും പൂക്കളങ്ങളില്‍ ഇടംപിടിക്കുന്നത്.
പലചരക്ക് കടകളും വസ്ത്രവ്യാപാര കേന്ദ്രങ്ങളും അര്‍ധരാത്രി വരെയാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രധാന കേന്ദ്രങ്ങളില്‍ പൊലീസും ട്രാഫിക് വിഭാഗവും പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.