മാര്‍ച്ചില്‍ ബാരിക്കേഡിനു മുകളില്‍ കയറി പ്രതിഷേധിക്കുന്ന ആള്.
വടകര: പോക്സോ കേസ് പ്രതിയായ ബാങ്ക്റോഡിലെ ചങ്ങരോത്ത് അബ്ദുള്‍ റഫീക്കിനെ (48) അറസ്റ്റ് ചെയ്യുന്നതില്‍ പൊലിസ് വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ച് ആക്ഷന്‍ കമ്മിറ്റി റൂറല്‍ പൊലിസ് ആസ്ഥാനമായ പുതുപ്പണത്തെ എസ്പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
ധാരാളം സ്ത്രീകളും അണിനിരന്ന മാര്‍ച്ച് ബാരിക്കേഡ് കെട്ടി പൊലിസ് തടഞ്ഞെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ഇരമ്പി. ബാരിക്കേഡ് മറികടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചപ്പോള്‍ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
ഇതിനു മുന്നിലും സമരക്കാര്‍ പതറിയില്ല. മണിയൂരില്‍ നിന്നെത്തിയവര്‍ രോഷവുമായി ബാരിക്കേഡ് മറികടന്നു. ഇവരെ പൊലിസ് മാറ്റിയെങ്കിലും രോഷപ്രകടനം തുടര്‍ന്നു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധ സമരവുമായി മുന്നോട്ടു പോകാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. കൊയിലാണ്ടി സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കിയിട്ടും അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയ്യാറായില്ലെന്നാണ് ആക്ഷേപം. ഇതിനു പിന്നാലെ പ്രതി ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ നേടി.
പയ്യോളി പൊലിസ് സ്റ്റേഷന് മുന്നിലും വടകര ബാങ്ക് റോഡിലെ പ്രതി അബ്ദുള്‍ റഫീക്കിന്റെ വീടിനു മുന്നിലും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലിസിന്റെ ഭാഗത്തുനിന്ന് പ്രതിയെ പിടികൂടാന്‍ വേണ്ട നടപടികള്‍ ഉണ്ടായില്ലെന്നാണ് വിമര്‍ശനം.
Tags :