പത്തനംതിട്ട: ജില്ലയിലെ ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശത്തിനു പരിഹാരമായി കൂടുതൽ പ്രിയദർശിനി സർവീസുകൾ കെഎസ്ആർടിസി ആരംഭിക്കണമെന്ന ആവശ്യം ഏറുന്നു. എംഎൽഎമാരുടെ ഗ്രാമീണ സർവീസ് പദ്ധതിയിൽ പുതിയ ബസിനുവേണ്ടി നിരവധി നിവേദനങ്ങളാണ് ലഭിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഒരു ബസുപോലുമില്ലാത്ത നിരവധി റൂട്ടുകളാണ് ജില്ലയിലുള്ളത്. സ്വകാര്യബസുകൾ ഉപേക്ഷിച്ചതടക്കം ഗ്രാമീണ മേഖലയിലെ യാത്രാക്ലേശത്തിനു പരിഹാരമായി പ്രിയദർശിനി സർവീസുകൾ തുടങ്ങണമെന്നതാണാവശ്യം.
സ്ത്രീയാത്രക്കാർക്ക് സൗജന്യം ഏർപ്പെടുത്തിയുള്ള പ്രിയദർശനി സർവീസുകൾ ആരംഭിച്ചതിനുശേഷം കെഎസ്ആർടിസി പുതിയ ഓർഡിനറി ബസുകൾ നാമമാത്രമായിട്ടേ ആരംഭിച്ചിട്ടുള്ളൂ. എന്നാൽ എംഎൽഎമാർ ബസ് വാങ്ങിനൽകുന്ന പദ്ധതിക്കു തുടക്കമിട്ടതോടെ അവർ നിർദേശിക്കുന്ന റൂട്ടുകളിൽ പുതിയ സർവീസുകൾ ആരംഭിക്കേണ്ടതുണ്ട്. ഇതിനൊപ്പം എംഎൽഎമാർ നിരവധി പുതിയ റൂട്ടുകളും മുടങ്ങിക്കിടന്ന ചില സർവീസുകൾ പുനരാരംഭിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ ബസുകളുടെ അഭാവവും വരുമാന നഷ്ടവും ചൂണ്ടിക്കാട്ടി പുതിയ സർവീസുകളിൽ നിന്നും കെഎസ്ആർടിസി പിൻമാറുകയാണ്. ഒന്നരവർഷം മുന്പ് പുതിയ റൂട്ടുകൾ ജനങ്ങളിൽ നിന്നു സ്വീകരിച്ചെങ്കിലും സർവീസുകൾ ആരംഭിക്കാൻ തയാറായിട്ടില്ല.
പേരിനു പോലുമില്ല
ജില്ലയിലെ പ്രധാന റൂട്ടുകളിൽ പലതിലും ഒരു ഓർഡിനറി ബസ് പോലും കെഎസ്ആർടിസി ഓടിക്കുന്നില്ല. പത്തനംതിട്ട-ആറന്മുള-ചെങ്ങന്നൂർ റൂട്ടിൽ സമീപകാലത്ത് തുടങ്ങിയ ഒരു ബസ് മാത്രമാണ് രണ്ട് ട്രിപ്പുകൾ ഓടുന്നത്. സ്വകാര്യബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടാണിത്. മുന്പ് കെഎസ്ആർടിസി ചെയിൻ സർവീസുണ്ടായിരുന്നതുമാണ്. പത്തനംതിട്ട-ചന്ദനപ്പള്ളി-അടൂർ റൂട്ടിലും ഓർഡിനറി ബസുകളില്ല. പത്തനംതിട്ട-പൂങ്കാവ് -കോന്നി, വള്ളിക്കോട് റൂട്ടുകളും കെഎസ്ആർടിസി ഉപേക്ഷിച്ചിരിക്കുകയാണ്.
റാന്നിയിൽ നിന്ന് അത്തിക്കയം, മല്ലപ്പള്ളി, വടശേരിക്കര, സീതത്തോട് റൂട്ടുകളിൽ കെഎസ്ആർടിസി സർവീസുകൾ നാമമാത്രമാണ്. ചെറുകോൽപ്പുഴ- കോഴഞ്ചേരി റൂട്ടിലും സർവീസുകൾ ഇല്ല. പന്തളത്തുനിന്ന് കോഴഞ്ചേരിക്ക് ബസുകൾ ഇപ്പോൾ ഓടുന്നില്ല. കുളനട, ആറന്മുള റൂട്ടിലും ബസുകൾ ഇല്ല. അടൂരിലെ ഗ്രാമീണ മേഖലയിലേക്ക് മുന്പുണ്ടായിരുന്ന പല സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. മല്ലപ്പള്ളിയിൽ നിന്ന് ആനിക്കാട്, മൂക്കൂർ, ചങ്ങനാശേരി, റാന്നി റൂട്ടുകളിൽ നിലവിൽ സർവീസുകൾ ഇല്ല. കുന്നന്താനം വഴി തിരുവല്ലയ്ക്കുണ്ടായിരുന്ന ചെയിൻ സർവീസുകളും നിലച്ചിരിക്കുകയാണ്. കോന്നിയിൽനിന്ന് തണ്ണിത്തോട് - ചിറ്റാർ റൂട്ടിലെ കെഎസ്ആർടിസി സർവീസുകളും നിലച്ചിരിക്കുകയാണ്.
പെരുനാട് - ചെങ്ങന്നൂർ
സർവീസ് അനുവദിക്കണം
വയലത്തല: റാന്നി എംഎൽഎ യുടെ ഗ്രാമീണ ബസ് സർവീസ് പദ്ധതിയിൽ ഉൾപ്പെടുത്തി വയലത്തല, കോഴഞ്ചേരി വഴി ചെങ്ങന്നൂരിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന് പഴകുളം മധു എംഎല്എ യ്ക്ക് നൽകിയ നിവേദനത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജൂലി സാബു ഓലിക്കൽ ആവശ്യപ്പെട്ടു. പെരുനാട് - വടശേരിക്കര- കുമ്പളാംപൊയ്ക - ഉതിമൂട് - വയലത്തല - പുതമൺ - കോഴഞ്ചേരി - ചെങ്ങന്നൂർ റെയിൽവേ സ്റ്റഷൻ ബസ് സർവീസ് ഗ്രാമീണ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും. കിഴക്കൻ മേഖലയിൽ നിന്നും എം സി റോഡിൽ എത്താനുള്ള ദൂരം കുറഞ്ഞ റൂട്ടാണിത്. നാലു പതിറ്റാണ്ട് മുമ്പ് ഈ റൂട്ടിൽ സർവീസ് ഉണ്ടായിരുന്നതാണ്. ഇക്കാര്യം ഉന്നയിച്ച് ജില്ലാ കളക്ടർക്കും നിവേദനം നൽകിയിട്ടുണ്ടെന്ന് ജൂലി സാബു പറഞ്ഞു.
തോന്പിക്കണ്ടത്തേക്കും ബസ് വേണം
റാന്നി: നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ ഇടമുറി, തോന്പിക്കണ്ടം, പൊന്നംപാറ വാർഡുകളിലെ യാത്രാക്ലേശത്തിനു പരിഹാരമുണ്ടാക്കണമെന്നാവശ്യം ഉയരന്നു.
പഞ്ചായത്ത്, വില്ലേജ്, സഹകരണസംഘം, പ്രാഥമികാരോഗ്യ കേന്ദ്രം, പബ്ലിക് മാർക്കറ്റ് തുടങ്ങി അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള യാത്രയ്ക്കു പോലും സൗകര്യമില്ലാത്ത സ്ഥിതിയാണ്. ഇടമുറി, തോന്പിക്കണ്ടം നിവാസികൾ പഞ്ചായത്ത് ആസ്ഥാനത്ത് എത്തണമെങ്കിൽ പോലും പതിനഞ്ചിലധികം കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സാഹചര്യമാണ്.
ഇടമുറി, തോന്പിക്കണ്ടം പ്രദേശങ്ങളെ ബന്ധിപ്പിച്ച് കാഞ്ഞിരപ്പള്ളി, എരുമേലി, മുക്കട, പ്ലാച്ചേരി, മന്ദമരുതി, ഇടമൺ, തോന്പിക്കണ്ടം, ഇടമുറി, അത്തിക്കയം, പെരുനാട്, ചിറ്റാർ വഴി കോന്നി മെഡിക്കൽ കോളജിലേക്ക് ബസ് സർവീസ് അനുവദിക്കണമെന്ന് പത്തനംതിട്ട ജില്ലാ ജനകീയ കർഷക സമിതി ചെയർമാൻ ജോൺ മാത്യു ചക്കിട്ടയിൽ പഴകുളം മധു എംഎൽഎയ്ക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Tags :