നിർമാണം മുടങ്ങിക്കിടക്കുന്ന കായംകുളം മൾട്ടിപ്ലക്സ് തിയറ്റർ സമുച്ചയം.
കായംകുളം: മൾട്ടിപ്ലക്സ് തിയറ്റർ സമുച്ചയത്തിന്റെ മുടങ്ങിക്കിടക്കുന്ന നിർമാണം പുനരാരംഭിക്കാനുള്ള നടപടികൾ തുടങ്ങി. മന്ത്രി എം. ലിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നടപടികൾ തുടങ്ങാനുള്ള തീരുമാനത്തിലെത്തിയത്. കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ പ്രേംകുമാർ ഉൾപ്പെടുന്ന ബന്ധപ്പെട്ട അധികൃതരുമായാണ് മന്ത്രി യോഗം ചേർന്നത്. നിലനിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ കെഎസ്എഫ്ഡിസിയും കരാറുകാരും തമ്മിൽ ധാരണയിലെത്താനും യോഗം തീരുമാനിച്ചു.
നിർമാണവുമായി ബന്ധപ്പെട്ട നിലവിലെ കരാറുകൾ പുനഃപരിശോധിക്കണമെന്നും കരാർ വ്യവസ്ഥകൾ കെഎസ്എഫ്ഡിസിക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത തരത്തിൽ പുതുക്കി നിശ്ചയിക്കണമെന്നും ചെയർമാൻ പ്രേംകുമാർ ആവശ്യപ്പെട്ടു. ആദ്യം അംഗീകരിച്ച രൂപകല്പനയിൽ മാറ്റം ഉണ്ടാവുകയും ദീർഘകാലമായി നിർമാണപ്രവർത്തനങ്ങൾ മുടങ്ങിക്കിടന്നതിനാലും കരാറുകാർ അധികം തുക ആവശ്യപ്പെട്ടിരുന്നു.
നിലവിൽ തിയറ്റർ സമുച്ചയ നിർമാണം പൂർത്തീകരിക്കുന്നതിന് 2019ൽ അനുവദിച്ച തുക മതിയാവില്ലെന്നാണ് കരാറുകാർ യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നിലവിലെ നിർമാണ പുരോഗതി വിലയിരുത്തി ആവശ്യമെങ്കിൽ എസ്റ്റിമേറ്റ് പുതുക്കി നൽകുന്നത് പരിശോധിക്കാൻ കെഎസ്എഫ്ഡിസിയോട് മന്ത്രി ആവശ്യപ്പെട്ടു. അധികമായി ആവശ്യം വരുന്ന തുകയ്ക്ക് അനുമതി ലഭിക്കുന്നതിന് കിഫ്ബിയെ സമീപിക്കാനും യോഗത്തിൽ ധാരണയായി.
2019ൽ നിർമാണം ആരംഭിച്ചെങ്കിലും അഞ്ചുവർഷം കൊണ്ട് മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് വർക്കുകൾ ഒഴികെ ആകെ പൂർത്തീകരിക്കാൻ കഴിഞ്ഞത് സിവിൽ നിർമാണത്തിന്റെ 57 ശതമാനം മാത്രമാണ്. 2024 ജൂണിൽ നിർമാണം മുടങ്ങുകയും ചെയ്തിരുന്നു. തുടർന്ന് 2025 മാർച്ചിൽ കരാറുകാരനെ പിരിച്ചുവിട്ടു.
എന്നാൽ എൽഡിഎഫ് സർക്കാർ തന്നെ ഇതേ വ്യക്തിക്ക് കരാർ പുതുക്കിനൽകിയെങ്കിലും നിർമാണം മുന്നോട്ടുപോയില്ല. ഇതേത്തുടർന്നാണ് മുടങ്ങിപ്പോയ നിർമാണം പുനരാരംഭിക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കങ്ങളിലേക്ക് ഇപ്പോൾ കടന്നത്. പ്രശ്നങ്ങൾ പരിഹരിച്ച് നിർമാണം അതിവേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ തുടരുന്നതിനായി നവംബർ 24ന് മന്ത്രി എം. ലിജുവിന്റെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരും.
കഴിഞ്ഞയാഴ്ച കെഎസ്എഫ്ഡിസി ചെയർമാൻ പ്രേംകുമാറിനൊപ്പം മന്ത്രി എം. ലിജു നിർമാണസ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു.
Tags :