വൈക്കം: കലേശനായ വൈക്കത്തപ്പന്റെ സവിധത്തിൽ കലയുടെ കേളികൊട്ട് ഉയർന്നു. വൈക്കത്തഷ്ടമി ഉത്സവം വേദികളിൽ പ്രാഗത്ഭ്യം തെളിച്ചവർക്കും തുടക്കക്കാർക്കും കലാവൈഭവം പ്രകടമാക്കാനുള്ള വേദിയാണ്. ഇനിയുള്ള 12 ഇരവുപകലുകൾ ക്ഷേത്രനഗരി ഉത്സവ സാന്ദ്രമാകും. ചലച്ചിത്രതാരം ദിലീപ് ഇന്നലെ രാവിലെ കലാമണ്ഡപത്തിൽ തിരിതെളിച്ചതോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്.
ദിലീപ് വൈക്കം ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നതറിഞ്ഞ് നൂറുകണക്കിനാളുകളാണ് എത്തിയത്. ഭക്തരുമായി സൗഹൃദം പങ്കിട്ട ദിലീപ് പലരെയും ചേർത്തുപിടിച്ചും കൈകൊടുത്തും സന്തോഷം പങ്കിട്ടു. ദിലീപിന്റെ കഴിഞ്ഞ ചിത്രം പ്രിൻസ് ആൻഡ് ഫാമിലിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദിലീപ് വൈക്കം ക്ഷേത്രത്തിൽ എത്തിയിരുന്നു.
കഴിഞ്ഞ ചിത്രം വിജയിച്ചതോടെ പുതിയ ചിത്രത്തിന്റെ പൂജയും ദിലീപ് വൈക്കം ക്ഷേത്രത്തിലാണ് നടത്തിയത്. വൈക്കം ക്ഷേത്രത്തിൽ മുമ്പ് പലതവണ വന്നിട്ടുണ്ടെന്ന് പറഞ്ഞ ദിലീപ് തന്റെ മുത്തച്ഛനും വൈക്കംകാരനാണെന്നു പറഞ്ഞു.