വരിഞ്ഞം കൈത്തറി വ്യവസായ സഹകരണസംഘം.
ചാത്തന്നൂര്‍: കൈത്തറി വ്യവസായത്തിന്റെ പ്രതാപകാലത്ത് ലാഭക്കണക്കുകളിലൂടെ മുന്നേറിയ വരിഞ്ഞം കൈത്തറി വ്യവസായ സഹകരണസംഘം നിലനിൽപ്പിനായി മല്ലടിക്കുന്നു. 65 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനത്തില്‍ 150 ജീവനക്കാരും അമ്പതോളം വീടുകളില്‍ തറികളും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്നത് 15 തറികള്‍ മാത്രം. ഇതില്‍ 12 എണ്ണം മാത്രം പ്രവര്‍ത്തിക്കുന്നു.
നെയ്ത്ത് അഞ്ചു വീടുകളില്‍ മാത്രമായി ഒതുങ്ങി. 17 നെയ്ത്തുകാരും അനുബന്ധ പണികളില്‍ ആറു പേരും അവശേഷിക്കുന്നു. നാമമാത്ര തൊഴിലാളികളുമായി സംഘം ഇഴഞ്ഞു നീങ്ങുകയാണ്. വീടുകളില്‍ തറിയുണ്ടായിരുന്നവര് രൂപം കൊടുത്ത സംഘം സാമ്പത്തിക പ്രതിസന്ധിയും നൂലിന്റെ ലഭ്യതക്കുറവും മൂലം പൂട്ടലിന്റെ വക്കിലാണിപ്പോള്‍. ജോലി ചെയ്യുന്നവരുടെ കുടിശിക കൂലിക്കായി വ്യവസായവകുപ്പും ഹാന്‍ടെക്സും അടിയന്തരമായി ഇടപെടേണ്ടതുണ്ട്.
അഞ്ചു മാസമായി ശമ്പളം ലഭിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴും നെയ്ത്ത് നടക്കുന്നു. മുന്‍കാലങ്ങളില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ ഒട്ടേറെപ്പേര്‍ കുടില്‍ വ്യവസായമായി കൈത്തറി നെയ്ത്ത് നടത്തിയിരുന്നു. ഇപ്പോള്‍ എല്ലാം നിലച്ചുകൊണ്ടിരിക്കുകയാണ്. ഓണത്തിനു പോലും ബോണസോ മറ്റ് ഇന്‍സെന്റീവുകളോ ലഭിക്കാറില്ല.
ക്ഷേമനിധിയില്‍ പണം അടയ്ക്കണമെങ്കില്‍ പുറത്ത് പോയി മറ്റ് ജോലികള്‍ ചെയ്യേണ്ട സ്ഥിതിയാണെന്ന് തൊഴിലാളികള്‍ പറയുന്നു.
സര്‍ക്കാര്‍ നടപ്പാക്കിയ സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതി പ്രകാരമുള്ള തുണികള്‍ നെയ്തുകൊടുത്താണ് സംഘം ഇതുവരെ മുന്നോട്ടുപോയിരുന്നത്.
എന്നാല്‍ നൂല് ലഭിക്കാത്തതിനാല്‍ അതും നിന്നുപോകുന്ന സ്ഥിതിയാണ്. ഒരു മീറ്റര്‍ യൂണിഫോം തുണി നെയ്യുമ്പോള്‍ തൊഴിലാളികള്‍ക്ക് 102 രൂപയും സംഘത്തിന് 31 രൂപയും ലഭിക്കുമായിരുന്നു. ദിവസം അഞ്ചു മീറ്റര്‍ വരെ നെയ്യാന്‍ കഴിയും.
കൈത്തറി മുണ്ടുകളും കൈലിയും ഷര്‍ട്ടിന്റെ തുണികളും തോര്‍ത്തും ഇവിടെ നെയ്തിരുന്നു. ശീമാട്ടി ജംഗ്ഷനില്‍ സ്വന്തമായി ഔട്ട്ലെറ്റും ഉണ്ടായിരുന്നു. ഇപ്പോള്‍ സ്കൂള്‍ യൂണിഫോം പദ്ധതിമാത്രമാണുള്ളത്. ഹാന്റ്ടെക്സ് ആണ് നൂല് എത്തിച്ചുകൊടുക്കുന്നത്. നെയ്യുന്ന തുണി ഹാൻടെക്സിന് തിരിച്ചു കൊടുക്കണം.
Tags :