കുണ്ടും കുഴിയുമായ വേഴപ്ര- തായങ്കരി എടത്വ റോഡ് .
രാമങ്കരി: ടാറിംഗ് ജോലികൾ വൈകുന്നതോടെ വേഴപ്ര- തായങ്കരി റോഡ് കുണ്ടും കുഴിയുമായി. റോഡിൽ കാൽനടയാത്ര പോലും ബുദ്ധിമുട്ടിലായിട്ട് ഒന്നര വർഷത്തോളമായി.
വേഴപ്ര, കൊടുപ്പുന്ന, തായങ്കരി, എടത്വ തുടങ്ങി നിരവധി പ്രദേശങ്ങളിലെ നൂറ് കണക്കിന് യാത്രക്കാരാണ് ഇതോടെ കടുത്ത യാത്രാദുരിതം നേരിടുന്നത്.
ഇതിനിടെ പല പ്രാവശ്യം പ്രദേശവാസികളുടെയും രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വത്തിൽ അടിയന്തരമായി റോഡ് ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും ഇതുവരെ പരിഹാരം കാണാൻ അധികാരികൾ തയാറായില്ല.
പൊതുമരാമത്ത് വകുപ്പിൽ നിന്ന് പണം അനുവദിച്ചതിനെത്തുടർന്നായിരുന്നു റോഡ് നവീകരണത്തിന് തുടക്കം. തൊട്ടുപിന്നാലെ കാലവർഷവും ആരംഭിച്ചു. ഇതോടെ നവീകരണജോലികൾ നിർത്തിവച്ചു. വേനൽ ശക്തിപ്പെട്ടതോടെ ജോലികൾ വീണ്ടും ആരംഭിച്ചെങ്കിലും ഗ്രാവലും മെറ്റലുമിട്ട് റോഡ് ഉയർത്തുക മാത്രമാണ് ചെയ്തത്.
പിന്നീട് മെറ്റൽ ഉറയ്ക്കുവാനായി കാത്തുനിന്നതോടെ ദുരിതം അതേപടി ഇപ്രാവശ്യവും ആവർത്തിച്ചു. മഴ മാറി വീണ്ടും ചൂട് കൂടിത്തുടങ്ങിയതോടെ റോഡിലെ പൊടിശല്യവും രൂക്ഷമായിട്ടുണ്ട്.
ആലപ്പുഴ -ചങ്ങനാശേരി റോഡും, തിരുവല്ല- അന്പലപ്പുഴ റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാനപാത കൂടിയാണിത്.
റോഡിന്റെ നിർമാണം നീണ്ടുപോയതോടെ സ്കൂൾ കോളജ് വിദ്യാർഥികളടക്കം നൂറ് കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിതകൂട്ടുകെട്ടാണ് ജോലി അനന്തമായി നീണ്ടുപോകുന്നതിന് പിന്നിലെന്നും ആക്ഷേപം ശക്തമാണ്.
അസംബ്ലി തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇവിടത്തെ യാത്രാക്ലേശത്തിന് പരിഹാരം കാണുമെന്ന് വിവിധ രാഷ്ട്രിയപാർട്ടികളുടെ നേതാക്കൾ വ്യക്തമാക്കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ വാഗ്ദാനവും മറന്നമട്ടാണ്.
രാമങ്കരി, ചന്പക്കുളം കൃഷിഭവനുകൾക്ക് കീഴിലായി ഏക്കറു കണക്കിന് വരുന്ന തെക്കേതൊള്ളായിരം പാടശേഖരത്തിന്റെ കിഴക്ക് വശം ചേർന്നു എടത്വ വരെ നീളുന്ന റോഡിന്റെ നിർമാണം അനന്തമായി നീട്ടിക്കൊണ്ടു പോകാതെ അടിയന്തരമായി പൂർത്തികരിക്കുവാനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : NattuVishesham DistrictNews