പത്തനംതിട്ട: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ പത്തനാപുരം സന്ദർശനവുമായി ബന്ധപ്പെട്ട് പിഎം റോഡിൽ പത്തനംതിട്ട മുതൽ പത്തനാപുരം വരെയുള്ള ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം അഞ്ചുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.
ഓട്ടോറിക്ഷകൾ, കാറുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. പത്തനംതിട്ടയിൽ നിന്ന് പത്തനാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ താഴൂർക്കടവ് - ചന്ദനപ്പള്ളി - കൊടുമൺ - ഏഴംകുളം വഴി പത്തനാപുരത്തേക്ക് പോകേണ്ടതാണ്. പത്തനംതിട്ടയിലേക്ക് വരുന്ന വാഹനങ്ങളും ഇതേ റൂട്ടിൽ വരേണ്ടതാണ്. ഓട്ടോറിക്ഷകൾ ബൈക്കുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം റോഡിൽ നിന്നു മാറ്റി പാർക്ക് ചെയ്യേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഹെലികോപ്ടറും ഡ്രോണും പറത്തുന്നത് നിരോധിച്ചു
പത്തനംതിട്ട: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എല്ലാ ഹെലിപ്പാഡിലും സമീപ പ്രദേശങ്ങളിലും നാളെ അര്‍ധരാത്രിവരെ ഹെലികോപ്റ്ററുകളും ഡ്രോണുകളും മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. വ്യോമസേനയ്ക്കും എസ്പിജിക്കും സംസ്ഥാന പോലീസിനും ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജന്‍സികള്‍ക്കും നിരോധനം ബാധകമല്ല.
ഹെലികോപ്റ്ററുകളോ നിരോധന പരിധിയില്‍ വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തില്‍ പറത്തേണ്ടതുണ്ടെങ്കില്‍ ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും.
Tags : nattu vishesham Vice President's visit