വിജയനും ഭാര്യ അമ്മിണിയും പച്ചക്കറിത്തോട്ടത്തിൽ.
നെയ്യാറ്റിന്‍കര : പാട്ടത്തിനെടുത്ത പാടശേഖരത്തില്‍ കഠിനാധ്വാനത്തിലൂടെ അതിജീവനത്തിന്റെ കുടുംബഗാഥ രചിക്കുകയാണ് നല്ലൂര്‍വട്ടം കന്പോര്ണി തരിശുവീട്ടില് വിജയനും ഭാര്യ അമ്മിണിയും. സമയം കിട്ടുന്പോഴൊക്കെ മക്കളായ അഖിലും അരുണും സഹായികളായി പാടത്തിറങ്ങുന്നതുകൂടി പരിഗണിച്ചാല്‍ ഈ കുടുംബം നന്മയും കൂട്ടുപകർപ്പും നിറഞ്ഞ ഒരുമയുടെ ബലത്തില്‍ കൃഷി ജീവിതോത്സവമാക്കുന്നുവെന്ന് തന്നെ പറയാം.
തെങ്ങു കയറ്റ തൊഴിലാളി കൂടിയായ വിജയന് തീരെ ചെറുപ്പത്തിലേ കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തയാളാണ്. സഹോദരങ്ങളെയും ആവുംവിധം കരുതലോടെ പരിപാലിച്ച ഇന്നലെകളിലും ഭാര്യയും മക്കളും അടങ്ങുന്ന ഇന്നിലും വിജയന് സധൈര്യം മുന്നോട്ടു പോകാന്‍ കരുത്തേകിയതു കൃഷിയാണെന്ന് അദ്ദേഹം അഭിമാനത്തോടെ സാക്ഷ്യപ്പെടുത്തുന്നു. വീടിനു സമീപത്തെ രണ്ടേക്കറോളം പാടശേഖരത്തില്‍ പാട്ടത്തിനു കൃഷി ചെയ്ത്ു ുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പ്രതികൂല സാഹചര്യങ്ങള്‍ പലതിനെയും അഭിമുഖീകരിച്ചാണ് കൃഷിയില്‍ തുടരുന്നത്. പലപ്പോഴും നഷ്ടം സംഭവിച്ചിട്ടുണ്ട്. എങ്കിലും തളര്‍ന്നിരിക്കാനോ കൃഷിയില്‍ നിന്ന് അകലാനോ വിജയന് ഒരുക്കമല്ല. വിജയനോടൊപ്പം ഭാര്യ അമ്മിണിയും കാര്‍ഷികാഭിമുഖ്യം ജീവിതത്തില്‍ പുലര്‍ത്തുന്നു. കൃഷിയിടം ഒരുക്കല്‍ മുതല്‍ വിളവെടുപ്പു വരെ ഇരുവരും കൂട്ടു ചേര്‍ന്നാണ്.
ആയിരത്തോളം വാഴയുള്ളതില് ഏത്തനും കപ്പയും മോറിസുമൊക്കെയുണ്ട്. ചീര, കോവല്‍, വെണ്ട, തക്കാളി, മുളക്, പയര്‍ എന്നിങ്ങനെ എല്ലായിനം പച്ചക്കറികളും ഇരുവരും കൃഷി ചെയ്യുന്നു. അരുവല്ലൂരിലെ വിപണിയിലും പഴയ ഉച്ചക്കട മുതലായവിടങ്ങളിലെ ചന്തകളിലുമാണ് കാര്‍ഷികോത്പന്നങ്ങള്‍ ഇവര്‍ വില്‍ക്കുന്നത്. നന്നായി തയാര്‍ ചെയ് തെടുത്ത പച്ചക്കറി വിത്തുകളും നല്‍കാറുണ്ട്. ചാണകം, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. തലമുറകള്‍ മണ്ണറിഞ്ഞുതന്നെ വളരണമെന്നാണ് വിജയന്റെയും അമ്മിണിയുടെയും കാഴ്ചപ്പാട്. മാതാപിതാക്കളോടൊപ്പം കൃഷിയിടത്തില്‍ ഒപ്പം കൂടുന്ന അഖിലും അരുണും ഈ വാദത്തെ ഹൃദയപൂര്‍വം അംഗീകരിക്കുന്നു.
Tags :