പെരുമ്പടവ്: കടുത്ത ചൂടിൽ മലയോരം ജലക്ഷാമത്തിലേക്ക്. കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നവരും വെള്ളം വില കൊടുത്തുവാങ്ങുന്നവരുമൊക്കെ ഈ വേനല്‍ക്കാലത്തെ ദുരിതകാഴ്ചകളാണ്.
ചിലരെങ്കിലും താമസം വെള്ളം ലഭിക്കുന്ന ബന്ധുവീടുകളിലേക്ക് മാറ്റിക്കഴിഞ്ഞു. ഭൂഗര്‍ഭ ജലവിതാനം താഴ്ന്നതിനാല്‍ ഭൂമിയുടെ ഘടനാപരമായ വ്യത്യാസമില്ലാതെ പല സ്ഥലങ്ങളിലും കുഴല്ക്കിണറുകള്വരെ വറ്റി. ജലവിഭവ വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ജലവിതരണ പദ്ധതികളില്‍ ഭൂരിഭാഗവും നാട്ടുകാര്‍ക്കു പ്രയോജനപ്പെട്ടില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ജൽജീവന്‍ മിഷന് പദ്ധതിയിലാണ് ഇനി പ്രതീക്ഷ. അടുത്ത വേനലിനു മുന്‍പ് പദ്ധതി യാഥാര്‍ഥ്യമായാല്‍ ജലക്ഷാമം പൂര്‍ണമായി പരിഹരിക്കപ്പെടും. 2021ലാണ് ജൽജീവന്‍ മിഷന് പദ്ധതി ചപ്പാരപ്പടവ് പഞ്ചായത്തില്‍ ആരംഭിച്ചത്. എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി പൂർത്തീകരിക്കേണ്ട സമയം നേരത്തെ കഴിഞ്ഞതാണ്. എന്നാല്‍. പല കാരണങ്ങളാല്‍ പദ്ധതി വൈകി. പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയപരിധി ഒരുവര്‍ഷം കൂടി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കരാറുകാര്‍ക്ക് ബില്ല് മാറ്റി കിട്ടാത്തിനാല്‍ പണികള്‍ മുടങ്ങി കിടക്കുന്ന സാഹചര്യമാണുളളത്.
ചപ്പാരപ്പടവ് പഞ്ചായത്തില്‍ കുവേരി, തിമിരി, വെള്ളാട് മേഖലകളിലാണ് ജൽജീവന്‍ മിഷന്റെ ആദ്യ ഘട്ട പണികള്‍ പൂര്‍ത്തിയായത്. രണ്ടാംഘട്ട പണികളാണ് ഇനി നടക്കേണ്ടത്. ഇത് എന്ന് പൂര്‍ത്തിയാകുമെന്ന് വാട്ടര്‍ അതോറിറ്റിക്ക് പോലും അറിയില്ല.
ജലവിതരണവും അവതാളത്തിൽ
വെള്ളം കിട്ടാതെ മണിക്കൂറുകളാണ് കുടിവെളളം വിതരണം ചെയ്യുന്ന വാഹനങ്ങള്‍ ഇപ്പോള്‍ കാത്തുകിടക്കുന്നത്. കുടിവെളള വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ വെള്ളം നിറയ്ക്കാന്‍ രണ്ട് മണിക്കൂറില്‍ ഏറെ സമയം എടുക്കുന്നുവെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. ഒരുദിവസം പരമാവധി മൂന്ന് ട്രിപ്പുകള്‍ മാത്രമാണ് നടത്താന്‍ സാധിക്കുന്നത്. ഇത് മൂലം ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ എല്ലാം വെളളം കൃത്യമായി എത്തിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ തന്നെ സമ്മതിക്കുന്നുണ്ട്.