റാന്നി: കടുത്ത വരൾച്ചയിൽ ചെറുകോൽ പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാകാതെ പ്രദേശവാസികൾ വലയുന്നു.
ചെറുകോൽ- നാരങ്ങാനം ജല വിതരണ പദ്ധതിയിലൂടെ 17 ദിവസം കൂടുമ്പോൾ വിവിധ ലൈനുകളിലൂടെ വെള്ളം തുറന്നു വിടുമെന്ന ജല വകുപ്പിന്റെ ഉറപ്പും പാലിക്കപ്പെടുന്നില്ല. വെള്ളം തുറന്നു വിട്ടാൽ തന്നെ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ വിവിധ സ്ഥലങ്ങളിൽ പൈപ്പുകൾ പൊട്ടി അതുവഴി വെള്ളം പാഴായി പോകുകയാണ്. പിഐപി കനാൽ അടച്ചതോടെയാണ് ജല ക്ഷാമം ഇത്രയും രൂക്ഷമായത്.
പഞ്ചായത്തിലെ കീക്കൊഴൂർ ആയിക്കമല, കൂനംതടം, മഞ്ഞപ്രമല, വയലത്തല മിച്ചഭൂമി, ശ്രീരാമവിലാസം, ലക്ഷംവീട്, സിഎംഎസ് തടം, കാട്ടുർ കൊന്നയ്ക്കമല, ചെറുകോൽ ഐടിഐ, ചണ്ണമാങ്കൽ എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്കാണ് കുടുതൽ ദുരിതം നേരിടുന്നത്.
കഴിഞ്ഞ പത്തുദിവസമായി ചെറുകോൽ പഞ്ചായത്ത് പൗരസമിതി മിക്ക പ്രദേശങ്ങളിലും ടാങ്കറുകളിൽ സൗജന്യ കുടിവെള്ള വിതരണം ചെയ്യുന്നതാണ് ചെറിയ ആശ്വാസം. ചെറുകോൽ ഭാഗത്തെ ചില പ്രദേശങ്ങളിൽ പഞ്ചായത്തംഗം സന്തോഷ് ചക്കിട്ടയിലിന്റെ നേതൃത്വത്തിലാണ് ജലവിതരണം.
ചെറുകോൽ വില്ലേജ് വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ച് തഹൽസിൽദാരുടെയോ പഞ്ചായത്തിന്റെയോ ചുമതലയിൽ അടിയന്തരമായി കുടിവെള്ളം വിതരണം ചെയ്യണമെന്ന് പഞ്ചായത്ത് പൗരസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് സജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. സാബു ഓലിക്കൽ, തുളസീധരൻ നായർ, കെ. എം. മാത്യൂസ് , ഫിലിപ്പ് സൈമൺ, ഷൈനി മാത്യു അനിൽ കുമാർ,എന്നിവർ പ്രസംഗിച്ചു.