പുനലൂരിൽ പുതിയ പൈപ്പ് സ്ഥാപിക്കുന്നു.
പുനലൂർ : നഗരസഭാപ്രദേശത്ത് വെള്ളമെത്തിക്കുന്ന പുനലൂർ ജലവിതരണപദ്ധതിയിലെ ജലവിതരണം പൂർണതോതിലായി. നേരത്തെ കൊല്ലം-തിരുമംഗലം ദേശീയപാതയിലൂടെ സ്ഥാപിച്ചിട്ടുള്ള വിതരണക്കുഴലിലെ ചോർച്ച നാലാംദിവസവും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ജലവിതരണം പുനഃസ്ഥാപിക്കാൻ നിലവിലെ കുഴലിനു സമാന്തരമായി പുതിയത് സ്ഥാപിച്ചു. കെഎസ്ആർടിസി ജംഗ്ഷനിൽ മൂന്നുദിവസമായി കുഴിച്ചു പരിശോധിച്ചെങ്കിലും ഉറവിടം കണ്ടെത്താനായില്ല. അതിനാലാണ് പുതിയ പൈപ്പ് സ്ഥാപിച്ചത്.
20 മീറ്റർ നീളത്തിൽ 200 മില്ലിമീറ്റർ വ്യാസമുള്ള ആസ്ബസ്സ്റ്റോസ് സിമന്റ് കുഴലാണ് സമാന്തരമായി സ്ഥാപിച്ചത്. ഈ കുഴൽവഴി ജലവിതരണം നടത്തുന്ന പട്ടണത്തിലും തൊളിക്കോട് പ്രദേശങ്ങളിലും പൂർണതോതിൽ വെള്ളമെത്തി. ആറുദിവസം മുൻപാണ് കെഎസ്ആർടിസി ജംഗ്നിൽ ചോർച്ച കണ്ടത്. തുടർന്ന് ഇവിടെ പലയിടത്തായി റോഡ് പൊളിയുകയും റൗണ്ട് എബൗട്ടിനോടു ചേർന്ന് റോഡിന്റെ നടുവിൽ വൻ കുഴി രൂപപ്പെടുകയും ചെയ്തു.
അന്നുമുതൽ പട്ടണത്തിലും തൊളിക്കോട് പ്രദേശങ്ങളിലും ജലവിതരണം മുടങ്ങി. ചോർച്ചയുടെ ഉറവിടം കണ്ടെത്താൻ ജല അഥോറ്റി അധികൃതർ സ്ഥലത്ത് നാലുദിവസമായി കുഴിച്ചു പരിശോധിക്കുകയാണ്. ഇത് നാട്ടുകാരുടെ എതിർപ്പിനു കാരണമായതോടെയാണ് പുതിയ കുഴൽ സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്.
അരനൂറ്റാണ്ടു മുൻപ് റോഡിനടിയിൽ സ്ഥാപിച്ച വിതരണക്കുഴലുകൾ ഏതൊക്കെ ദിശയിലൂടെയാണു കടന്നുപോകുന്നതെന്ന് ഉദ്യോഗസ്ഥർക്ക് കൃത്യമായ ധാരണ ലഭിക്കാത്തതുമൂലമാണ് ചോർച്ചയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത്. തൊട്ടുചേർന്ന് കച്ചേരി റോഡിൽ 300 മില്ലിമീറ്റർ വ്യാസമുള്ള കാസ്റ്റ് അയൺ മുഖ്യകുഴലിൽ രണ്ടിടത്തായി ഉണ്ടായ ചോർച്ച കഴിഞ്ഞദിവസം പരിഹരിച്ചിരുന്നു. ഇതിനായി റോഡ് നാലിടത്ത് കുഴിക്കേണ്ടിയും വന്നിരുന്നു. സമീപം കുഴിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സി.അജയപ്രസാദ് എംഎൽഎ. വ്യാഴാഴ്ച സ്ഥലം പരിശോധിച്ചു. പഴയ എസി കുഴലുകൾ മാറ്റി പുതിയ കുഴലുകൾ സ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.