പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: ജില്ലയെ സമ്പൂര്‍ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇമാലിന്യ ശേഖരണ യജ്ഞം സംഘടിപ്പിക്കുമെന്ന് ശുചിത്വമിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ജില്ലയെ മാലിന്യ സംസ്കരണത്തില്‍ മാതൃകയാക്കുകയാണ് ലക്ഷ്യം. രണ്ട് ഘട്ടങ്ങളായി നടക്കുന്ന കാമ്പയിനിന്റെ ആദ്യഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും ഇമാലിന്യം ക്ലീന്‍ കേരള കമ്പനി മുഖേന 28, 29, 30 തീയതികളില്‍ ശേഖരിച്ച് സംസ്കരണത്തിന് കൈമാറും. ഇന്ന് മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും നാളെ ബത്തേരി മിനി സിവില്‍ സ്റ്റേഷന് പരിസരത്തും 30ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് പരിസരത്തും സെന്ററുകളില്‍ ഇ-മാലിന്യം ശേഖരിക്കും. പൊതുജനങ്ങളുടെ കൈവശമുള്ള ഇലക്ട്രോണിക് മാലിന്യം ഓക്ടോബര്‍ രണ്ടിനകം സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന കളക്ഷന്‍ സെന്ററുകള്‍ വഴി ശേഖരിക്കും.
വീടുകളില്‍നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ക്ക് റേറ്റ് കാര്‍ഡ് അനുസരിച്ചുള്ള തുക ഹരിത കര്‍മസേന മുഖേന അക്കൗണ്ടുകളില്‍ ലഭ്യമാക്കും.
Tags : Nattuvishesham DistrictNews DeepikaNews