സുൽത്താൻ ബത്തേരി ഡയറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ഭരണഘടനാ ദിനാചരണം നഗരസഭാ ചെയർപേഴ്സണ് റസീന അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: പൊതു വിദ്യാഭ്യസ വകുപ്പ്, ഡയറ്റ്, ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫിസ്, ബത്തേരി നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ ദേശീയ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു.
ബത്തേരി ഡയറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സണ് റസീന അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ വെറുമൊരു നിയമപുസ്തകമായി മാത്രം കാണാതെ നെഞ്ചോട് ചേർത്തുപിടിച്ച് ഉയർത്തിപ്പിടിക്കേണ്ട ഒന്നാണെന്ന് ചെയർപേഴ്സണ് പറഞ്ഞു.
ജാതി, മതം, പണം എന്നിവയ്ക്കതീതമായി രാജ്യത്തെ എല്ലാ പൗരൻമാർക്കും തുല്യ അവകാശങ്ങളും നീതിയും ഉറപ്പാക്കുന്നതാണ് ഇന്ത്യൻ ഭരണഘടന. താഴെത്തട്ടിലുള്ള സാധാരണക്കാരെ മറന്നുകൊണ്ടുള്ള യാതൊരു പ്രവർത്തനവും പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും വിദ്യാർഥികളെയും ഒരുമിച്ചു ചേർത്തുകൊണ്ടാണ് നഗരസഭ മുന്നോട്ടുപോകുന്നതെന്നും ചെയർപേഴ്സണ് പറഞ്ഞു.
നഗരസഭവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷെറീന അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ. സുമ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഡിഎൽഎഡ്, ബിഎഡ് അധ്യാപക വിദ്യാർഥികൾക്ക് സംവിധാൻ എന്ന പേരിൽ മെഗാ ക്വിസ് മത്സരവും പ്രത്യേക സെമിനാറും സംഘടിപ്പിച്ചു. നഗരസഭാ പൊതുമരാമത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്സണ് വി.കെ. ഷിഫാനത്ത് മെഗാ ക്വിസ് മത്സരത്തിലെ ആദ്യ റൗണ്ടിലെ വിജയികളെ പ്രഖ്യാപിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.എം. സെബാസ്റ്റ്യൻ, വിദ്യാർഥിനി കെ. ഷാമില അലി, അധ്യാപകൻ രജിത് എന്നിവർ പ്രസംഗിച്ചു.
Tags : National Constitution Constitution day NattuVishesham DistrictNews