പ്രവേശനകവാടത്തിന്റെ നിർമാണ മാതൃക.
നെന്മാറ: നെല്ലിയാമ്പതിയുടെ പ്രകൃതിഭംഗിയിലേക്കും ജൈവവൈവിധ്യത്തിലേക്കും സഞ്ചാരികളെ സ്വാഗതംചെയ്യാൻ പോത്തുണ്ടിയിൽ ആകർഷകമായ പ്രവേശനകവാടം ഒരുങ്ങുന്നു.
നെല്ലിയാമ്പതിയുടെ പ്രകൃതിയോടും വനസമ്പത്തിനോടും ഇണങ്ങിനിൽക്കുന്ന രീതിയിൽ കേരളത്തിന്റെ സംസ്ഥാനപക്ഷിയായ വേഴാമ്പലിന്റെ മാതൃകയിലാണ് സ്വാഗതകമാനത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. നെല്ലിയാമ്പതിയിലേക്കുള്ള ഏക പ്രധാന യാത്രാമാർഗമായ പോത്തുണ്ടി- നെല്ലിയാമ്പതി ചുരംപാതയുടെ തുടക്കത്തിൽ, വനംവകുപ്പ് ചെക്ക്പോസ്റ്റിനു സമീപമാണ് പ്രവേശനകവാടം നിർമിക്കുന്നത്.
വേഴാമ്പലുകൾ പരസ്പരം കൊക്കുകൾ ചേർത്തുനിൽക്കുന്ന രീതിയിലാണ് കവാടം രൂപകൽപന ചെയ്തിരിക്കുന്നത്. ഏകദേശം 40 അടി വീതിയിലും 22 അടിയിലധികം ഉയരത്തിലുമാണ് കവാടം നിർമിക്കുന്നത്.
ചുരംപാതയിലൂടെ നെല്ലിയാമ്പതിയിലേക്ക് പ്രവേശിക്കുന്ന സഞ്ചാരികൾക്ക് ആദ്യകാഴ്ചയിൽതന്നെ മലനാടിന്റെ പ്രകൃതിസൗന്ദര്യവും വനാന്തരീക്ഷവും അനുഭവപ്പെടുന്ന തരത്തിലാണ് രൂപകൽപന. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതൽ ആകർഷകമാക്കുന്നതിനുമുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
Tags : NattuVishesham DistrictNews