യുവതിയെ ചുമന്നുകൊണ്ട് ആശുപത്രിയിൽ പോകുന്നു.
അടിമാലി: സഞ്ചാരയോഗ്യമായ റോഡ്, സുരക്ഷിതമായ പാലം, എല്ലാ വീടുകളിലും വൈദ്യുതി ഇതാണ് ഇടമലക്കുടിക്കാരുടെ സ്വപ്നം. ഗതാഗതമാർഗം ഇല്ലാത്തതിനാൽ വീണ്ടും ഇടമലക്കുടിയിൽ രോഗിയെ ചുമന്ന് കാടും മലയും താണ്ടി ആശുപത്രിയിൽ എത്തിച്ചു. ഒരു മാസത്തിനിടെ നാലാം തവണയാണ് ഇത്തരം സംഭവം ആവർത്തിക്കുന്നത്. വനത്തിലെ ദുർഘടപാതയിലൂടെ രോഗിയെ ചുമന്ന് ആശുപത്രിയിലേക്കുള്ള ഇടമലകൂടിക്കാരുടെ ദുരിതയാത്ര തീരുന്നില്ല.
പനി മൂർച്ഛിച്ച യുവതിയെ ഏഴു കിലോമീറ്റർ ചുമന്നാണ് തിങ്കളാഴ്ച ആശുപത്രിയിൽ എത്തിച്ചത്. ഇടമലക്കുടി പറപ്പിയാർകുടിയിലെ സുമതിയെയാണ് മരക്കൊമ്പിൽ തുണികെട്ടിയുണ്ടാക്കിയ മഞ്ചലിൽ സാഹസികമായി വനത്തിലൂടെ ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. കാട്ടാനകൾ ഉൾപ്പെടെ ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെയും അട്ടകളെയും അതിജീവിച്ചാണ് തോടും പുഴയും താണ്ടി ഈ രക്ഷാപ്രവർത്തനം നടത്തുന്നത്.
ഇടമലക്കുടി സൊസൈറ്റി കുടിയിൽ പ്രൈമറി ഹെൽത്ത് സെന്റർ ഉണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്തേക്കുള്ള റോഡിനായുള്ള പ്രൊപ്പോസൽ പഞ്ചായത്തിൽനിന്നു നൽകിയിട്ടുണ്ട്. ഇതിനായുള്ള എൻഒസി ലഭിക്കാത്തതാണ് റോഡ് നിർമാണം വൈകുന്നതിന് കാരണം. ഇനിയും റോഡ് നിർമാണം വൈകിയാൽ ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള സമരമാർഗങ്ങൾ സ്വീകരിക്കേണ്ടിവരുമെന്ന് മുതുവാൻ സമുദായ സംഘടന സംസ്ഥാന പ്രസിഡന്റ് പാൽരാജ് പറഞ്ഞു.
ആംബുലൻസ് വഴിയരികൾ
തുരുമ്പെടുത്തു നശിക്കുന്നു
അടിമാലി: കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്താണ് ഇടമലക്കുടി. ഗോത്രവർഗ പഞ്ചായത്ത് എന്നത് പേരിനു മാത്രമാണ് ഉപകരിക്കുന്നത്. ഇടമലക്കുടിയലെ ആളുകൾക്ക് സഞ്ചരിക്കാൻ ആവശ്യമായ റോഡോ പാലങ്ങളോ ഒന്നും ഈ പഞ്ചായത്തിൽ ഇല്ല. രോഗികളുമായി ആശുപത്രിയിൽ എത്തണമെങ്കിൽ കിലോമീറ്റർ രോഗിയെ ചുമന്നു വേണം ചികിത്സ ലഭ്യമാക്കാൻ.
വർഷങ്ങൾക്കു മുമ്പ് പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ഇടമലക്കുടി ഗ്രാമപഞ്ചായത്തിനായി ഒരു ആംബുലൻസ് നൽകിയിരുന്നു. എന്നാൽ, ഇത് കാലങ്ങളായി മെയിന്റനൻസ് നടത്താതെ അടിമാലി കൂമ്പൻപാറയ്ക്ക് സമീപം തുരുമ്പെടുത്തു നശിക്കുകയാണ്. എത്രയും വേഗം വാഹനം ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.