വിനു ജോബിന്റെ വിജയമുറപ്പെന്ന് യുഡിഎഫ് നേതൃയോഗം
ചങ്ങനാശേരി: യുഡിഎഫ് സ്ഥാനാര്‍ഥി വിനു ജോബ് എണ്ണായിരത്തിനും പന്തീരായിരത്തിനുമിടയില് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഎഫ് നേതൃയോഗത്തില്‍ വിലയിരുത്തല്‍. യുഡിഎഫ് കോട്ടകളായ മാടപ്പള്ളി, വാഴപ്പള്ളി മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ഇരട്ടിയായി വര്‍ധിക്കും. മാടപ്പള്ളിയില്‍ മൂവായിരത്തിനും നാലായിരത്തിനുമിടെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കും. പായിപ്പാട്ട് 1500, വാഴപ്പള്ളിയില്‍ 3000 എന്നിങ്ങനെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ചങ്ങനാശേരി നഗരസഭയില്‍ രണ്ടായിരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കും.
എല്‍ഡിഎഫിന് മേല്‍ക്കൈയുള്ള കുറിച്ചിയിലും തൃക്കൊടിത്താനത്തും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 1500 വോട്ടുകള്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി.
നിയോജകമണ്ഡലം ചെയര്മാന് പി.എച്ച്. നാസര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.
കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ് എംപി, നേതാക്കളായ ജയ്സണ്‍ ജോസഫ്, പി.എന്‍. നൗഷാദ്, ആന്റണി കുന്നുംപുറം, എ.കെ. ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, ജോമി ജോസഫ്, സ്ഥാനാർഥി വിനു ജോബ്, ജോര്‍ജുകുട്ടി മാപ്പിളശേരി, കെ.എ. ജോസഫ്, പി.എം. കബീര്‍, സോണി കുട്ടംപേരൂര്‍, ജയിംസ് കാലാവടക്കന്‍, ഹസന്‍ലാല്‍, അഷറഫ് ഷൈനു എന്നിവര്‍ പ്രസംഗിച്ചു.
യുഡിഎഫിന് വോട്ട് കൂടാനുള്ള ഘടകങ്ങൾ
എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേയുള്ള വികാരം.
ശബരിമല സ്വര്ണക്കൊള്ളകേസും വിവാദങ്ങളും.
മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ വിരുദ്ധ തരംഗം.
നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ശുദ്ധജലക്ഷാമം.
ശുദ്ധജല പദ്ധതിക്കായി പൈപ്പുകള്‍ സ്ഥാപിച്ചശേഷം റോഡുകള്‍ പൂര്‍വസ്ഥിതിയില്‍ എത്തിക്കാത്തത്.
കുട്ടനാട്ടിലെ നെല്ല് സംഭരണത്തിലുണ്ടാകുന്ന തുടര്‍ച്ചയായ വീഴ്ച.
ജോബ് മൈക്കിളിന്റെ ഭൂരിപക്ഷം കൂടുമെന്ന് എല്‍ഡിഎഫ്
ചങ്ങനാശേരി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോബ് മൈക്കിളിന് ഭൂരിപക്ഷം കൂടുമെന്ന് എല്‍ഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍. കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് വിജയിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയില്‍ ചങ്ങനാശേരിയുമുണ്ട്. ഭരണവിരുദ്ധ വികാരമുണ്ടെങ്കില്‍ രണ്ടായിരം മുതല്‍ മൂവായിരംവരെ വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. ഇല്ലെങ്കില്‍ ഭൂരിപക്ഷം കഴിഞ്ഞ പ്രാവശ്യത്തിലേതിലും ഇരട്ടിയാകും.
കുറിച്ചിയില്‍ നാലായിരം വോട്ടുകളും തൃക്കൊടിത്താനത്ത് 1500 വോട്ടുകളും കൂടുതല്‍ ലഭിക്കും. ചങ്ങനാശേരി നഗരസഭയില്‍ 500 വോട്ടുകള്‍ കൂടുതല്‍ ലഭിക്കും. യുഡിഎഫ് മണ്ഡലങ്ങളായ മാടപ്പള്ളിയിലും വാഴപ്പള്ളിയിലും നേരിയ കുറവുണ്ടായാലും പ്രതിസന്ധിയുണ്ടാകില്ല.
പായിപ്പാട്ട് കഴിഞ്ഞ തവണ കൂടുതല്‍ ലഭിച്ച 900 വോട്ടുകള്‍ ആയിരമായി ഉയരും. ജോബ് മൈക്കിളിന്റെ വിജയം ഉറപ്പാണെന്ന് സിപിഎം ഏരിയ സെക്രട്ടറി കെ.ഡി. സുഗതന്, കേരള കോണ്‍ഗ്രസ് -എം നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ എന്നിവര്‍ പറഞ്ഞു.
വിജയം ഉറപ്പിക്കുന്ന ഘടകങ്ങള്‍
ജോബ് മൈക്കിളിന്റെ രാഷ്ട്രീയ സ്വീകാര്യത, വ്യക്തിബന്ധം.
നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍.
എല്‍ഡിഎഫിന്റെ ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം.
സിപിഎമ്മിന്റെയും സംഘടനാപരമായ വോട്ടുകള്‍.
കേരള കോണ്‍ഗ്രസ് -എമ്മിനോടും രണ്ടില ചിഹ്നത്തോടുമുള്ള ബന്ധം.
രാധാകൃഷ്ണ മേനോന് വോട്ട് വര്‍ധിക്കുമെന്ന്
ചങ്ങനാശേരി: എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണ മേനോന്റെ വോട്ട് വര്‍ധിക്കുമെന്ന് എന്‍ഡിഎ നേതൃത്വം. എന്‍ഡിഎ മുന്നണിക്ക് മുപ്പതിനായിരത്തിലേറെ വോട്ടുകളുണ്ട്. ചങ്ങനാശേരി നഗരസഭയിലും മാടപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി പഞ്ചായത്തുകളിലും എന്‍ഡിഎയ്ക്ക് സ്വാധീനമുണ്ട്.നിയോജകമണ്ഡലത്തില്‍ സുപരിചിതമായ വ്യക്തിയാണ് ബി. രാധാകൃഷ്ണമേനോന്. കൊച്ചിന് ഷിപ്യാര്ഡ് ഡയറക്ടര്‍ എന്ന നിലയില്‍ ലക്ഷക്കണക്കിനു രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.