ഇരിട്ടി: ആറളം പുനരധിവാസമേഖലയിൽ നിർമാണത്തിലിരിക്കുന്ന പുതിയ ആനമതിൽ കാട്ടാന വീണ്ടും തകർത്തു. ബ്ലോക്ക്10 ൽ ആനമുക്ക് ഭാഗത്താണ് മതിൽ തകർത്ത് ആന ജനവാസ മേഖലയിൽ പ്രവേശിച്ചത്. മോഴയാന ആണ് മതിൽ തകർത്തതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ശനിയാഴ്ച പുലർച്ചെ ആർആർടി വാഹനത്തെ ആക്രമിച്ച മോഴയാനയെ വനം വകുപ്പ് കാട്ടിലേക്ക് തുരത്തിയിരുന്നു. തുരത്തിയ മോഴ വീണ്ടും ഇന്നലെ രാത്രിയിൽ തന്നെ മതിൽ പൊളിച്ച് ജനവാസ മേഖലിയിലേക്ക് പ്രവേശിക്കുകയായിരുന്നു. അതീവ അപകടകാരിയായ മോഴയാനയെ പ്രതിരോധി ക്കാൻ കഴിയാത്ത സാഹചര്യമാണ്. നിരവധി പേരുടെ ജീവൻ എടുത്ത വലിയ മോഴയെ പിടികൂടി ആറളത്തുനിന്നും മാറ്റണം എന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ് .
ശനിയാഴ്ച ആർആർടി വാഹനത്തിന് നേരെ നടന്ന ആക്രമണത്തിൽ അഞ്ച് ജീവനക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആന വാഹനം മറിച്ച ശേഷം റോഡിലൂടെ ചവിട്ടി നിരക്കിയിരുന്നു. ജീവന ക്കാർ ആരും വാഹനത്തിന് വെളിയിലേക്ക് തെറിച്ചു വീഴാതിരുന്നത് കൊണ്ടുമാത്രമാണ് വലിയ ദുരന്തം ഒഴിവായത്.
ഇതു രണ്ടാം തവണയാണ് നിർമാണത്തിൽ ഇരിക്കുന്ന ആനമതിൽ കാട്ടാന തകർക്കുന്നത്. മുന്പ് പൂക്കുണ്ട് ഭാഗത്തായിരുന്നു മതിൽ തകർത്തത്. 2000 ഓളം വരുന്ന കുടുംബങ്ങളാണ് പുനരധിവാസ മേഖലയിൽ ആനഭീതിയിൽ കഴിയുന്നത്.