ഉടുമ്പന്നൂര്‍ കോട്ടക്കവല ഭാഗത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടാന തകര്‍ത്ത കമുക്.
ഉടുമ്പന്നൂര്‍: ജനവാസ മേഖലയിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ച കാട്ടാനയെ ഇടുക്കി ഉള്‍വനത്തിലേക്കു തുരത്തിയെന്ന വനംവകുപ്പിന്റെ അവകാശവാദത്തിനിടെ പഞ്ചായത്തിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. ശനിയാഴ്ച രാത്രിയില്‍ കോട്ടക്കവല വള്ളിയാടിയില്‍ കുന്നത്തുകുഴി ഷാജിയുടെ പുരയിടത്തിലാണ് കാട്ടാന എത്തിയത്. റബര്‍, പൈനാപ്പിള്‍, കമുക് അടക്കമുള്ള കാര്‍ഷിക വിളകളും ആന നശിപ്പിച്ചു. ആന കാടുകയറിയെന്ന ആശ്വാസത്തിലിരുന്ന നാട്ടുകാര്‍ ഇതോടെ ഭീതിയിലായി.
കൃഷിയിടത്തിലെത്തിയ ആന വീടിനു സമീപം വരെ എത്തിയതോടെയാണ് നാട്ടുകാര്‍ ആശങ്കയിലായത്. ശനിയാഴ്ച രാവിലെ കാട്ടാന ശല്യം ഉള്‍പ്പെടെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് വന്യജീവി ആക്രമണ പ്രതിരോധസമിതി നടത്തിയ ജനകീയ മാര്‍ച്ചിനു പിന്നാലെയാണ് വീണ്ടും ആനയിറങ്ങിയിരിക്കുന്നത്.
നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാനാണ് വെള്ളിയാഴ്ച രാവിലെ പ്രത്യേക ദൗത്യത്തിലൂടെ ആനയെ ഉള്‍വനത്തിലേക്കു തുരത്തിയെന്നു വനംവകുപ്പ് അവകാശപ്പെട്ടത്. ഇടുക്കി വനമേഖലയിലേക്കു തുരത്തിയ കാട്ടാനതന്നെയാണ് വീണ്ടും ഇവിടേക്കു തിരിച്ചെത്തിയിരിക്കുന്നതെന്നു വനംവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.
വീണ്ടും ആനശല്യം രൂക്ഷമായാല്‍ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. സംഭവമറിഞ്ഞ് പഞ്ചായത്ത് മെംബര്‍ ശരത് ചന്ദ്രന് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ജനവാസ മേഖലയിലേക്കു കാട്ടാനകള്‍ ആവര്‍ത്തിച്ച് ഇറങ്ങുന്നത് തടയാന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നു ശാശ്വത നടപടികള്‍ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാട്ടാനശല്യംമൂലമുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നതിനു നാളെ ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഉടുമ്പന്നൂര്‍ പഞ്ചായത്ത് ഓഫീസില്‍ യോഗം ചേരുമെന്നു വേളൂര്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സാജി എം. ജോസഫ് അറിയിച്ചു.
Tags :