പ്രതീകാത്മക ചിത്രം
കോതമംഗലം: കീരംപാറ മേഖലയിലെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവി- മനുഷ്യ സംഘർഷം ഇല്ലാതാക്കാൻ കീരംപാറ പഞ്ചായത്തിൽ ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.
വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ യോഗത്തിൽ വിലയിരുത്തി. ട്രഞ്ച് നിർമാണത്തിന്റെ പ്രവൃത്തികൾ ആരംഭിക്കുന്നതിനു മുമ്പ് മണ്ണിന്റെ സ്വഭാവവും സാങ്കേതിക സാധ്യതകളും വിലയിരുത്തുന്നതിനായി മണ്ണ് പരിശോധന നടത്താനും തീരുമാനിച്ചു. അതിനായി കോതമംഗലം എംഎ കോളജിലെ സിവിൽ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.
ജനവാസ മേഖലകളിലേക്ക് എത്തുന്ന കാട്ടാനകളെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചുവിടുന്നതിനും ആവശ്യമായ സാഹചര്യങ്ങളിൽ പുഴ കടത്തി വനമേഖലയിലേക്ക് മാറ്റുന്നതിനുമുള്ള ഏകോപിത നടപടികളും ചർച്ച ചെയ്തു. പ്രദേശത്ത് സ്ഥിരമായി അക്രമകാരിയായി കാണപ്പെടുന്ന മുറിവാലൻ എന്നറിയപ്പെടുന്ന കാട്ടാനയ്ക്ക് റേഡിയോ കോളർ ഘടിപ്പിച്ച് അതിന്റെ സഞ്ചാരപാതയും നീക്കങ്ങളും നിരന്തരമായി നിരീക്ഷിക്കുന്നതിനും, ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ച് പ്രദേശത്ത് നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും യോഗം വിലയിരുത്തി.
സംയോജിത പ്രവർത്തനത്തിലൂടെ വന്യജീവി- മനുഷ്യ സംഘർഷത്തിന് ഫലപ്രദമായ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു. കോതമംഗലം ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ സൂരജ് ബെൻ, റേഞ്ച് ഓഫീസർ സഞ്ജീവ് കുമാർ, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി, വൈസ് പ്രസിഡന്റ് ബിനോയ് സി. പുല്ലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham District News Wildlife-human conflict Review meeting