വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നേർച്ചപ്പാറ വനമേഖലയിൽ അയിലമുടി വനസംരക്ഷണ സമിതിയുടെയും നെന്മാറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്
നെന്മാറ: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നേർച്ചപ്പാറ വനമേഖലയിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജനവും പരിസ്ഥിതി ബോധവത്കരണവും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു. അയിലമുടി വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വനമേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു.
പ്രകൃതിസംരക്ഷണത്തിന്റെയും വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടിയായിരുന്നു പ്രവർത്തനങ്ങൾ.
പരിപാടിയുടെ ഭാഗമായി ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരണവും സംഘടിപ്പിച്ചു. വനവും വന്യജീവികളും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും വനമേഖലകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഭീഷണിയാണെന്നും ബോധവത്കരണത്തിലൂടെ വ്യക്തമാക്കി. അയിലമുടി വനസംരക്ഷണ സമിതി സെക്രട്ടറി ബി.ഒ. രതീഷ് സ്വാഗതം പറഞ്ഞു. സമിതി പ്രസിഡന്റ് കുട്ടൻ മണലാടി അധ്യക്ഷത വഹിച്ചു. തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു.
നെന്മാറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികളും അധ്യാപകരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അനു, എൻ. സിനൂപ്, മുരളീധരൻ, ജിഷ, ഷിനി, ദിവ്യ, വൈഗ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews