പൊൻകുന്നം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി മാഫിയകളുടെ അടിവേരറുക്കുന്നത് വരെ ഓപ്പറേഷൻ തൂഫാൻ ദ് നാർക്കോ ഹണ്ട് ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി പരിഷ് ഹാളിൽ നടന്ന ലഹരിമുക്ത കാഞ്ഞിരപ്പളളി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതി ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോൾതന്നെ10 കോടി രൂപയോളം വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുക്കാൻ പോലീസിന് കഴിഞ്ഞതായി മന്ത്രി അറിയിച്ചു. ഇതിനോടകം സംസ്ഥാനത്ത് 2,575 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2,778 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലഹരിമാഫിയകൾ താത്കാലികമായി തങ്ങളുടെ വിതരണം നിർത്തിവച്ചിരിക്കുകയാണ്.
എന്നാൽ, ഈ പരിശോധനകൾ ഒരു തുടർച്ചയായ പ്രക്രിയയായിരിക്കും. കേന്ദ്ര ഏജൻസികളുടെ പൂർണ പിന്തുണയും ഈ ദൗത്യത്തിനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാൻ മൂന്നു ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്.
തൂഫാൻ സ്ട്രൈക്സ് വഴി ലഹരിമാഫിയകളെ നേരിട്ട് പിടികൂടുക, തൂഫാൻ വാരിയേഴ്സ് വഴി ജനകീയ ലഹരിവിരുദ്ധ പ്രചാരണം, തൂഫാൻ കെയർ വഴി ലഹരിക്ക് അടിമപ്പെട്ടവരുടെ പുനരധിവാസം എന്നിവയാണ് അവ. ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി വാഴൂർ പുളിക്കൽകവലയിൽ പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കാൻ അനുമതി നൽകിയതായും മന്ത്രി അറിയിച്ചു.പ്രഫ. റോണി കെ. ബേബി എംഎൽഎ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗങ്ങളായ അഭിലാക്ഷ് ചന്ദ്രൻ, പി. ജീരാജ്, തോമസ് കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സതീഷ് ചന്ദ്രൻ നായർ, ഡിഇഒ റോഷ്ന അലിക്കുഞ്ഞ്, കോട്ടയം എസ്പി സാബു മാത്യു എന്നിവർ പ്രസംഗിച്ചു.
കോട്ടയം എസ്പി സാബു മാത്യു സമ്മേളനത്തിൽ പങ്കെടുത്തവർക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും തൂഫാൻ വാരിയേഴ്സ് ബാഡ്ജും നൽകുന്നതിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ, രാഷ്ടീയകക്ഷിനേതാക്കൾ എന്നിവർ പങ്കെടുത്തു.