ഉത്പന്നങ്ങളുടെ പ്രകാശനം ദിലീപ് കെ. കൈനിക്കര നിർവഹിക്കുന്നു.
മലപ്പുറം: ഭിന്നശേഷി വിദ്യാർഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിനുമായി കൊണ്ടോട്ടി ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂളും അമൽ ഇൻസ്പെയേഴ്സും സംയുക്തമായി നടപ്പാക്കുന്ന "ചിറകുകൾ’ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ രൂപകൽപന ചെയ്ത് നിർമിച്ച ഉത്പന്നങ്ങൾ വിപണിയിലെത്തി.
മലപ്പുറം ആസൂത്രണ സെക്രട്ടേറിയറ്റിലെ ജില്ലാ വികസന കമ്മീഷണറുടെ ചേംബറിൽ ജില്ലാ വികസന കമ്മീഷണറും തിരൂർ സബ് കളക്ടറുമായ ദിലീപ് കെ. കൈനിക്കര ഉത്പന്നങ്ങളുടെ പ്രകാശനം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക കെ.എസ്. രോഹിണി ഉത്പന്നങ്ങൾ ഏറ്റുവാങ്ങി.
ഭിന്നശേഷി വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയും അവരുടെ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
വിദ്യാർഥികളുടെ ആശയങ്ങളും സർഗാത്മക കഴിവുകളും പ്രയോജനപ്പെടുത്തി അവർ തന്നെ രൂപകൽപന ചെയ്ത് നിർമിച്ച ഉത്പന്നങ്ങളാണ് "ചിറക്’ എന്ന പേരിൽ വിപണിയിലെത്തിക്കുന്നത്.
നിലവിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ചിറക് അലങ്കാര വസ്തുക്കൾ, ചിറക് പേന, ചിറക് ചവിട്ടി, ചിറക് മുടിയലങ്കാരം, ചിറക് കരുതൽ താക്കോൽക്കൂട്ടി എന്നീ അഞ്ച് ഉത്പന്നങ്ങളാണ് പുറത്തിറക്കിയത്. ഉത്പന്നങ്ങൾ പ്രധാന കടകളിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
ഇവ വിൽപന നടത്തി ലഭിക്കുന്ന വരുമാനം വിദ്യാർഥികളുടെ ക്ഷേമത്തിനും പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും.
കഴിവുകൾക്ക് അവസരം ഒരുക്കുന്നതിനൊപ്പം സംരംഭകത്വത്തിലേക്കും സാമൂഹിക പങ്കാളിത്തത്തിലേക്കും വിദ്യാർഥികളെ കൈപിടിച്ചുയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പദ്ധതി കോ ഓർഡിനേറ്റർ അധ്യാപകൻ കെ.എം. ഇസ്മായിൽ പറഞ്ഞു.
സ്കൂളിലെ വിവിധ ക്ലബ്ബുകൾ, ഡിവിഷൻ കൗണ്‍സിലർ, കുടുംബശ്രീ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്കൂൾ ഉൾപ്പെടുന്ന ഗ്രാമത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്.
"ചിറക്' ബ്രാൻഡ് അംബാസഡർ അമൽ ഇഖ്ബാൽ, സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, ഡിവിഷൻ കൗണ്‍സിലർ ഫൗസിയ ഇഖ്ബാൽ, വി.കെ. ഖാലിദ്, ഗ്രാമതല പദ്ധതി ഏകോപക സി.പി. സാബിറ, ജില്ലാ സാമഹികനീതി ഓഫീസർ സമീർ മച്ചിങ്ങൽ, സാമൂഹികനീതി എൽഎൽസി അംഗം അബ്ദുൾ നാസർ, വിനോദ് പാറക്കൽ, വിദ്യാർഥി ഏകോപക എ. മാളവിക എന്നിവർ നേതൃത്വം നൽകി.