പയ്യന്നൂര്‍: കണ്ടോത്ത് ദേശീയപാതയിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. അന്നൂർ ശാന്തിഗ്രാമത്തിലെ വി.എം. യുഗേഷിന്റെ ഭാര്യയും കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഫീസ് ജീവനക്കാരിയുമായ കെ.കെ. ഗ്രീഷ്മയാണ് (38) മരിച്ചത്. ഇന്നലെ രാവിലെ 9.45 ഓടെ കണ്ടോത്തെ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിനു സമീപമായിരുന്നു അപകടം. യുവതിയുടെ ദേഹത്തു കൂടി ടാങ്കർ കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അങ്കണവാടി അധ്യാപിക കെ.കെ. ഗീത-തൃക്കരിപ്പൂർ തങ്കയത്തെ റിട്ട. അധ്യാപകൻ സി. മധുസൂദനൻ ദന്പതികളുടെ മകളാണ് ഗ്രീഷ്മ. മകൻ: ആരവ് (ഒമ്പതാം ക്ലാസ് വിദ്യാർഥി, കരിവെള്ളൂർ സ്കൂൾ). സഹോദരൻ: വൈശാഖ് (ബംഗളൂരു).
Tags : women death Kannur accident