തലയോലപ്പറമ്പ്: പരാതി നല്‍കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി അഭിജിത്ത് ദിലീപിനെ പോലീസ് മര്‍ദിച്ചതായി പരാതി. പരിക്കേറ്റ അഭിജിത്തിനെ പോലീസ് തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.
ഇന്നലെ വൈകുന്നേരം ആറിനായിരുന്നു സംഭവം. വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് യുവാവിനെ കൊണ്ടുപോകാന്‍ വാഹനം എത്താന്‍ വൈകിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷിബുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തലയോലപ്പറമ്പ്-വൈക്കം റോഡ് ഉപരോധിച്ചു. തുടര്‍ന്ന് അഭിജിത്തിനെ ആംബുലന്‍സില്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അഭിജിത്തിന്റെ വാഹനം മോഷണം പോയതുമായി ബന്ധപ്പെട്ടു പരാതി നല്കാന് ബ്ലോക്ക് പഞ്ചായത്ത് അംഗം സീതു ശശിധരനോടൊപ്പം എത്തിയപ്പോഴാണ് മര്‍ദനമുണ്ടായതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ സിയാദ് ബഷീര്‍, സുബിന് മാത്യു, സീതു ശശിധരന്, പി.കെ. ജയപ്രകാശ്, ശശിധരന് വാളവേലി എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധം നടന്നത്.
ആരോപണം അടിസ്ഥാനരഹിതമെന്ന് പോലീസ്
കാര്‍ മോഷണം പോയതുമായി ബന്ധപ്പെട്ടു പരാതി നല്‍കാനെത്തിയ യുവാവിനെ മര്‍ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് തലയോലപ്പറമ്പ് പോലീസ്. കരിപ്പാടം സ്വദേശി അഭിജിത്ത് ദിലീപിന്റെ കാര്‍ ഏതാനും ദിവസം മുമ്പു വാടകയ്ക്കെടുത്ത ഏനാദി സ്വദേശി നിതീഷ് കാര്‍ ഇടവട്ടം സ്വദേശിക്കു പണയപ്പെടുത്തി പണം വാങ്ങി കടന്നുകളഞ്ഞു. വാഹനം തിരിച്ചുകിട്ടാതെ വന്നതോടെ ജിപിഎസ് ഘടിപ്പിച്ച വാഹനത്തിന്റെ ലൊക്കേഷന്‍ മനസിലാക്കി അഭിജിത്ത് ദിലീപും സുഹൃത്തുക്കളും കാര്‍ കിടന്ന വീട്ടിലെത്തി കാര്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു.
ഗൃഹനാഥന് ഇല്ലാതിരുന്നതിനാല്‍ ഭാര്യയും വിദ്യാര്‍ഥിനിയായ മകളും കാര്‍ കൊണ്ടുപോകുന്നതിനെ എതിർത്തു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ബഹളമുണ്ടാക്കി.
വീട്ടമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്കു വിളിച്ച് സംസാരിക്കുകമാത്രമാണുണ്ടായതെന്നും പോലീസ് പറഞ്ഞു.
Tags : nattu vishesham Youth Congress leader beaten