Editorial Audio
സ്വതന്ത്ര ഇന്ത്യയിൽ കോടതികളും ന്യായാധിപരും ഇത്ര വിമർശിക്കപ്പെട്ടൊരു കാലമില്ല. പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ കോടതിയലക്ഷ്യമെന്ന സംരക്ഷണത്തെ, ആഘാതമേറ്റേക്കാവുന്ന വൈദ്യുതവേലിപോലെ കണ്ടു മാറിനിൽക്കവേയാണ് ന്യായാധിപർ ചരിത്രപരമായ ചുമതല ഏറ്റെടുത്തത്.
അവരുടെ വിമർശനങ്ങളുടെ ചുരുക്കം, ഇന്ത്യയിലെ നീതിപീഠങ്ങളുടെ നിഷ്പക്ഷതയെ ഭരണകൂടത്തിന്റെ ഇടപെടലുകൾ സംശയത്തിലാക്കിയിരിക്കുന്നു എന്നതുതന്നെയാണ്. ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, മദൻ ബി. ലോഖുർ, കുര്യൻ ജോസഫ്, ഉജ്വൽ ഭൂയാൻ, അഡ്വ. ദുഷ്യന്ത് ദവേ, മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ, ഡൽഹി ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് രേഖ ശർമ... തുടങ്ങിയവർ, കോടതിയലക്ഷ്യത്തെക്കുറിച്ച് ഓർമിപ്പിക്കുന്നവരെ ഭരണഘടനാ അലക്ഷ്യത്തെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
അതിൽ സർക്കാരിനുള്ള സന്ദേശമുണ്ട്. ജനാധിപത്യത്തോടു വിയോജിക്കുന്ന സർക്കാരിനേ കോടതിയെ നിയന്ത്രിക്കേണ്ട ആവശ്യമുള്ളൂ. കോടതികൾക്കും ജനങ്ങൾക്കുമുള്ള സന്ദേശവുമുണ്ട്; സർക്കാർ നിയന്ത്രണത്തിനു കോടതി പൂർണമായും വഴങ്ങിയാൽ ജനാധിപത്യത്തിന്റെ കൊടിയിറക്കമായി. ഭരണഘടനാ അലക്ഷ്യത്തിന്റെ ന്യായാധിപ വിസ്താരങ്ങൾ തുടരുകയാണ്.
വോട്ടർപട്ടികയിൽനിന്ന് 13 കോടി പേരുകൾ നീക്കം ചെയ്തിട്ടും സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് അർഥവത്തായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് രേഖ ശർമ തുറന്നടിച്ചതാണ് ഈ പരന്പരയിൽ ഏറ്റവും പുതിയത്. കാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് രൂക്ഷ വിമർശനം.
ഇതുകൂടി കേൾക്കാം: “തെരഞ്ഞെടുപ്പു കമ്മിഷനെതിരേ സമാധാനപരമായ മാർച്ച് നടത്തിയ വിദ്യാർഥികളെയും സാധാരണക്കാരെയും മർദിച്ച് പൊലിസ് വാനുകളിൽ കയറ്റിക്കൊണ്ടുപോയത്, സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണഘടന ചുമതലപ്പെടുത്തിയ പരമോന്നത കോടതിയുടെ കൺമുന്നിലാണ്. സർക്കാർ നേതൃത്വത്തിലുള്ള നിയമനങ്ങളിലെ പക്ഷപാത ആശങ്കകളെത്തുടർന്നാണു ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം സുപ്രീംകോടതി ഏറ്റെടുത്തത്. എന്നാൽ, സർക്കാർ നിയമനങ്ങൾ നടത്തിയിരുന്ന അതേ രീതിയിലാണു കൊളീജിയം ഇപ്പോൾ പ്രവർത്തിക്കുന്നത്.”
കൊളീജിയം യോഗം ചേരുന്നതിനു മുന്പുതന്നെ ജഡ്ജിമാരുടെ നിയമനത്തിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് കേന്ദ്രസർക്കാരിന്റെ അംഗീകാരം തേടാൻ ശ്രമിച്ചിരുന്നെന്നാണ് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ രചിച്ച ‘വിത്തൗട്ട് ഫിയർ ഓർ ഫേവർ’ എന്ന ഓർമക്കുറിപ്പിലെ തുറന്നുപറച്ചിൽ. കൊളീജിയത്തിൽ ചീഫ് ജസ്റ്റീസിനു തൊട്ടുതാഴെയുള്ള മുതിർന്ന ജഡ്ജിയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ഒരു ജഡ്ജിയെ നിയമിക്കുമ്പോൾ കുടുംബത്തിന്റെ ജാതിയെക്കുറിച്ചുള്ള സർക്കാരിന്റെ ചോദ്യം ചീഫ് ജസ്റ്റീസ് കൊളീജിയത്തിൽ പങ്കുവച്ചു. ചീഫ് ജസ്റ്റീസിന്റെ അമിതവിധേയത്വത്തിൽ പ്രതിഷേധിച്ച് താൻ ഒരിക്കൽ കൊളീജിയം യോഗത്തിൽനിന്ന് ഇറങ്ങിപ്പോയെന്നും ജസ്റ്റീസ് കൗൾ എഴുതി. ഒരു ജഡ്ജിനിയമനത്തിൽ സർക്കാരിന്റെ നിലപാടറിയാൻ യോഗത്തിനിടെ ഫോൺ വിളിക്കാൻ ചീഫ് ജസ്റ്റീസ് തുനിഞ്ഞപ്പോൾ തനിക്ക് അതു തടയേണ്ടി വന്നെന്നുപോലും ജസ്റ്റീസ് കൗൾ കുറിച്ചു.
2023 ഫെബ്രുവരി 19ന് ‘ജുഡീഷ്യൽ നിയമനത്തിൽ സർക്കാരിന്റെ ഇടപെടൽ’ എന്ന വിഷയത്തിലെ ഒരു ഓൺലൈൻ ചർച്ചയിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ പറഞ്ഞത്, ഏഴെട്ടു വർഷങ്ങൾക്കിടെ രാജ്യത്തെ ഹൈക്കോടതികളിലുടനീളം ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ ജഡ്ജിമാരെ നിയമിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തെ മറികടക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നുമാണ്.
ഏതാണ് ദവേ സൂചിപ്പിച്ച ആ ഏഴെട്ടു വർഷമെന്നു കണക്കുകൂട്ടിയാൽ അത് 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു ശേഷമുള്ള കാലമാണ്. സർക്കാർ നിയമിക്കുന്ന ന്യായാധിപരെക്കൊണ്ട് കോടതികൾ നിറഞ്ഞാൽ ഏകാധിപത്യത്തിലെന്നപോലെ നീതി സർക്കാരിന്റെ വിതരണാവകാശമായി മാറും. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ദീപക് മിശ്ര പ്രത്യേക കേസുകൾ നിശ്ചിത ജഡ്ജിമാരുടെ ബെഞ്ചുകൾക്കു മാത്രം നൽകുന്നതിനെതിരേ, 2018 ജനുവരി 12നു പത്രസമ്മേളനം നടത്തിയ ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോഖുർ, കുര്യൻ ജോസഫ് എന്നിവർ പറഞ്ഞത്, രാജ്യത്തെ ജുഡീഷ്യറിയും ജനാധിപത്യവും വലിയ ഭീഷണി നേരിടുന്നു എന്നായിരുന്നു.
ഇക്കഴിഞ്ഞ ദിവസം, ഗാന്ധിനഗർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ബി.ആർ. രജ്പുത്, ഗോഹത്യ കേസിൽ മൂന്നുപേർക്കു ജീവപര്യന്തവും തടവും വിധിച്ചുകൊണ്ടു നടത്തിയ പരാമർശവും കേൾക്കേണ്ടതാണ്. “മനുസ്മൃതി പ്രകാരം പശു എന്നത് കേവലം മൃഗം മാത്രമല്ല, ധർമത്തിന്റെ ഒരു പ്രധാന തൂണാണ്.” ഹിന്ദുരാഷ്ട്രത്തിന്റെ ഭരണഘടനയായി ചിലരെങ്കിലും കരുതുന്നതാണ്, പരിഷ്കൃതലോകം അപരിഷ്കൃതമായി കണക്കാക്കുന്ന മനുസ്മൃതി! ജാതിവ്യവസ്ഥയുടെയും അസമത്വത്തിന്റെയും ഇരുണ്ട കാലത്തെ നിയമസംഹിത!
നീതിപീഠങ്ങളെ ഭരണഘടനയുടെ ശ്രീകോവിലിൽനിന്നു ഭരണകൂടത്തിന്റെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമത്തിനെതിരേ വിരൽ ചൂണ്ടുന്നത് വിശ്വാസ്യതയുള്ള ന്യായാധിപരാണ്. അത് ആശ്വാസമാണെങ്കിലും, ജനാധിപത്യത്തിന്റെ മൂന്നാം തൂണിന് ഇടർച്ചയുണ്ടാക്കാനുള്ള സർക്കാർ നീക്കത്തെ തടയാൻ ഏതാനും ന്യായാധിപർക്കു കഴിയുമോയെന്ന ആശങ്കയുമുണ്ട്. കാരണം, ഇക്കാലമത്രയും സർക്കാരിനെ ഭയപ്പെടാതെ ജനം സ്വതന്ത്രരായി നിലനിന്നത് തങ്ങൾക്കു കോടതിയുണ്ടെന്ന ആത്മവിശ്വാസത്തിലാണ്. അത് ഇല്ലാതാകരുത്.
ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും പരാജയപ്പെട്ടപ്പോൾ, ഇന്ത്യൻ ജനാധിപത്യം അതിന്റെ നിലപാടുതറയായ ഭരണഘടനയെ സംരക്ഷിക്കാൻ പുറത്തെടുത്ത ‘പ്ലാൻ ബി’ ആയി ജെൻ സി മുന്നേറ്റത്തെ അതിശയോക്തി കലർത്തിയാണെങ്കിലും നിരീക്ഷിക്കാവുന്നതാണ്. അതേ ജനാധിപത്യമായിരിക്കാം കോടതിയലക്ഷ്യത്തിന്റെ ഭീഷണിയെ അതിജീവിച്ച് നീതിയെ സംരക്ഷിക്കാൻ ന്യായാധിപരെത്തന്നെ ഇറക്കുന്നത്.
സ്വാതന്ത്ര്യസമരം മാത്രമല്ല, ഇന്ത്യൻ ജനാധിപത്യവും എക്കാലവും ലോകത്തിനു മാതൃകയാണ്. പക്ഷേ, കൈയും കെട്ടി നോക്കിയിരുന്നവരല്ല അതൊക്കെ നിവർത്തിച്ചത്. നമുക്കും ഉത്തരവാദിത്വമുണ്ട്.
Tags : Deepika Editorial Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash