Editorial Audio
തിരുവനന്തപുരം കഴക്കൂട്ടത്ത് 17കാരനും പെൺകുട്ടിയുമൊക്കെ ഉൾപ്പെട്ട ക്രൂര കൊലപാതകം കേരളത്തെ നടുക്കിക്കളഞ്ഞു. ഒന്നാമത്, അത് അത്രയ്ക്കു ക്രൂരമായിരുന്നു. രണ്ടാമത്, അവർ തങ്ങളുടെ മുറ്റത്തേക്കും വരുമോ എന്ന ആധി. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല. പ്രായപൂർത്തിയാകാത്തവർ സഹപാഠികളെപ്പോലും മർദിക്കുകയും കൊല്ലുകയും ചെയ്യുന്ന വാർത്തകളും ദൃശ്യങ്ങളും പെരുകി. എന്താണു കാരണം? കുട്ടികളിൽ അക്രമവാസന വർധിക്കുകയാണോ അതോ വെറുപ്പും വിദ്വേഷവും അക്രമവാസനയും വർധിച്ച സമൂഹത്തിന്റെ ഭാഗമായി കുട്ടികളും മാറുകയാണോ എന്നതുകൂടി പഠിക്കേണ്ടതുണ്ട്.
സഹജീവികളെയും ഇതര മതസ്ഥരെയും കൊല്ലാൻപോലും ആഹ്വാനം ചെയ്യുന്നവർ സംരക്ഷിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറി. മയക്കുമരുന്നും അതിലും മാരകമായ സിനിമകളും സമൂഹമാധ്യമ ഉള്ളടക്കങ്ങളും സുലഭമായി. കലാലയ അക്രമങ്ങളെ വിദ്യാർഥിപോരാട്ടങ്ങളാക്കി പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയാപചയം... മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രായപൂർത്തിയാകാത്ത പ്രതി തനിച്ചല്ല. മാതാപിതാക്കളും സമൂഹവും സർക്കാരും പങ്കാളികളാണ്.
സർക്കാരിനെയും സമൂഹത്തെയും കൂട്ടുപ്രതികളാക്കുന്നത് പ്രായോഗികമല്ല. പക്ഷേ, പ്രായപൂർത്തിയാകാതെ വാഹനമോടിക്കുന്നവർ വരുത്തിവയ്ക്കുന്ന അപകടങ്ങളിൽ മാതാപിതാക്കളെ പ്രതിയാക്കുന്നതിൽ തെറ്റില്ലെങ്കിൽ, നായ കടിച്ചാൽ ഉടമ ഉത്തരവാദിയാകുമെങ്കിൽ, കുട്ടിക്കൊലയാളികളുടെ മാതാപിതാക്കളെയും വളർത്തുദോഷമുണ്ടെങ്കിൽ പ്രതിചേർക്കേണ്ടതുണ്ട്. കഴക്കൂട്ടത്ത് പ്രണയത്തർക്കത്തിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിയെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊല്ലുകയായിരുന്നെന്നാണ് പൊലിസ് പറയുന്നത്. മൃതദേഹം ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞു.
താനാണ് അതു ചെയ്തതെന്നു പറയുന്ന കുറ്റവാളിക്കു പക്ഷേ, പ്രായപൂർത്തിയായില്ലെന്ന സാങ്കേതികത്വം തുണയാകുന്നു. സമീപകാലത്തെ നിരവധി കേസുകൾ ഇപ്രകാരം, പ്രായപൂർത്തിയായവരേക്കാൾ കഠിനഹൃദയത്തോടെ കൊന്നും കൊല്ലാക്കൊല ചെയ്തും മുന്നേറുന്ന കുട്ടികളുടേതാണ്. സ്കൂൾ വിദ്യാർഥികൾ സഹപാഠികളെ ഗുണ്ടാസംഘങ്ങളേക്കാൾ പൈശാചികതയോടെ മർദിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിലുണ്ട്. ആലപ്പുഴ കരുവാറ്റയിൽ ഓഗസ്റ്റ് 15ന് ഒരാളെ കൊന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് 13 വയസുള്ള പെൺകുട്ടിയും കൂട്ടുകാരുമാണ്. ജനുവരിയിലാണ് കൽപ്പറ്റയിൽ, ഇരട്ടപ്പേരു വിളിച്ചതിന് വിജനമായ സ്ഥലത്ത് വിളിച്ചുവരുത്തി 16കാരനെ ഒരു സംഘം ഇടിച്ചും ചവിട്ടിയും വീഴ്ത്തിയത്.
നാലു പ്രതികളിൽ മൂന്നും പ്രായപൂർത്തിയാകാത്തവർ. ആ പ്രതികളിലൊരാളുടെ നേതൃത്വത്തിൽ 10-ാം ക്ലാസുകാരനെ മർദിക്കുന്ന മറ്റൊരു ദൃശ്യവും പുറത്തുവന്നിരുന്നു. അതിനു ദിവസങ്ങൾക്കു മുന്പാണ് എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂരിൽ ഒമ്പതാം ക്ലാസുകാരനെ സഹപാഠികൾ പൊലിസ് എയ്ഡ് പോസ്റ്റിലിട്ടു മർദിക്കുന്ന ദൃശ്യം പുറത്തുവന്നത്. വയനാട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ എന്ന വിദ്യാർഥിയെ ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും നടത്തിയതിൽ മനുഷ്യാവകാശ വായാടികളായ വിദ്യാർഥിസംഘടനയുടെ പ്രവർത്തകരുമുണ്ട്. കലാലയങ്ങളിലെ നിരവധിയായ അക്രമങ്ങൾ എഴുതിത്തള്ളുന്നത് രാഷ്ട്രീയ മുഖംമൂടി ധരിപ്പിച്ചാണ്.
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കനുസരിച്ച്, 2024ൽ കുട്ടികൾ ഉൾപ്പെട്ട 4,878 കേസുകളുണ്ട്. ഇത് ഓരോ വർഷവും കൂടുകയാണ്. കലാലയ രാഷ്ട്രീയത്തിലെ സംഘടിത മുഷ്ക്, മദ്യം-മയക്കുമരുന്ന്, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ അക്രമ ഉള്ളടക്കങ്ങൾ, യുവാക്കളുടെ ആരാധനാപാത്രങ്ങളായ നടീനടന്മാർ ഉൾപ്പടെ അക്രമികളായി അഭിനയിക്കുന്ന മലയാളത്തിൽ ഉൾപ്പടെയുള്ള അക്രമസിനിമകൾ, മദ്യപാനവും കുറ്റകൃത്യങ്ങളും മഹത്വവത്കരിക്കുന്ന സീരിയലുകൾ, കുടുംബങ്ങളിലെ അച്ചടക്കമില്ലായ്മ, ബന്ധങ്ങളിലെ തകർച്ച തുടങ്ങിയവ അവഗണിക്കരുത്.
അതായത്, കുട്ടികളെ കുറ്റവാളികളാക്കുന്ന സാഹചര്യങ്ങൾ സജീവമാണ്. അതേസമയം, ഇന്ത്യയിലെ ആകെ കുറ്റകൃത്യങ്ങളിൽ കുട്ടികൾ ഉൾപ്പെടുന്നവ ഒന്നുമുതൽ 1.2 ശതമാനം വരെയാണ്. ഇതു വർധിക്കുന്നുണ്ടെങ്കിൽ അതിനു കാരണം മുകളിൽ പറഞ്ഞതുപോലെ വെറുപ്പും പകയും വിദ്വേഷവും വർധിക്കുന്ന സമൂഹത്തിന്റെ ഭാഗമാണ് കുട്ടികൾ എന്നതുകൂടിയാണ്. സർക്കാരും സമൂഹവും പരോക്ഷമായും മാതാപിതാക്കൾ പ്രത്യക്ഷമായും സഹകുറ്റവാളികളാണെന്നു പറയേണ്ടിവരും.
മറ്റൊരു ചോദ്യം, കൊടും കുറ്റുവാളികൾക്ക് കുട്ടികളെന്ന പരിഗണന നൽകണമോയെന്നതാണ്. 2012 ഡിസംബർ 16ന് ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ 23കാരിയായ വിദ്യാർഥിനി ക്രൂരമായ കൂട്ടബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായി കൊല്ലപ്പെട്ടതോടെ ഈ ചർച്ച സജീവമായിരുന്നു. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളായിരുന്നു. നിർഭയ കേസിന്റെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് 2015ൽ ഭേദഗതി ചെയ്തു. അതനുസരിച്ച്, 16 മുതൽ 18 വയസ് വരെയുള്ള കുട്ടികൾ കൊലപാതകം, ക്രൂരമായ ബലാത്സംഗം തുടങ്ങിയ അതീവഗുരുതര കുറ്റകൃത്യങ്ങളിലേർപ്പെട്ടാൽ അവരെ മുതിർന്ന വ്യക്തിയായി കണ്ട് വിചാരണ ചെയ്യാം.
കുറ്റം ചെയ്ത കുട്ടിയുടെ മാനസികവും ശാരീരികവുമായ പക്വത പരിശോധിച്ചശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. കുട്ടികളിലെ കുറ്റകൃത്യങ്ങളിൽ ഏകദേശം 77.7 ശതമാനവും 16 മുതൽ 18 വരെ പ്രായമുള്ളവരാണ്. കുട്ടികളിൽ ഗൗരവമേറിയ കുറ്റങ്ങൾ ചെയ്യുന്നതും ഈ പ്രായത്തിലുള്ളവരാണ്. അതായത്, 16നും 18നും ഇടയിലുള്ള കൊടുംകുറ്റവാളികൾക്കു പരിരക്ഷ കിട്ടണമെന്നില്ല.
കുറ്റവാളികളായ കുട്ടികളെ ശിക്ഷിക്കുമോ ഇല്ലയോ എന്നതിനൊപ്പം അവർ കുറ്റവാളികളാകാനുള്ള സാധ്യതകളെ പിഴുതെറിയുക എന്നതും മുഖ്യമാണ്. ആദ്യം മാതാപിതാക്കളുടെയും തുടർന്ന് അധ്യാപകരുടെയും കൺമുന്നിലാണ് ഓരോ കുട്ടിയും മയക്കുമരുന്നടിമകളോ ‘കൊടിപിടിച്ച’ തെമ്മാടിയോ സ്വഭാവവൈകല്യമുള്ളവരോ കുറ്റവാളികളോ ആയി രൂപാന്തരപ്പെടുന്നത്. ശിക്ഷയും ശിക്ഷണവും ഫലവത്താകാതെ വരുന്പോൾ, അത്തരം കുട്ടികളെ കൗൺസലിംഗ്, ബിഹേവിയർ തെറാപ്പി ഉൾപ്പടെയുള്ള ശാസ്ത്രീയ ചികിത്സകൾക്കു വിധേയമാക്കേണ്ടതുണ്ട്.
മൊബൈൽ ഫോണുകളിലെ അക്രമദൃശ്യങ്ങളും ഗെയിമുകളും നിയന്ത്രിക്കാൻ വിവിധ രാജ്യങ്ങൾ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രായപരിധി നിർബന്ധമാക്കിക്കഴിഞ്ഞു. അവർക്കു വലുത് സമൂഹമാധ്യമങ്ങളുടെ ലാഭമല്ല, സ്വന്തം കുട്ടികളുടെ ജീവിതമാണ്. കഴക്കൂട്ടത്തേത് ഉൾപ്പടെ ഒരു കുട്ടിക്കുറ്റവാളിയും ഇന്നലത്തെ മഴയത്തങ്ങു മുളച്ചതല്ല. അവർ ആയുധത്തിനു മൂർച്ച കൂട്ടിയത് മാതാപിതാക്കളുടെയും അധ്യാപകരുടെയും നിർവികാരതയുടെ ഉരകല്ലിലാണ്. അവരും കൂട്ടുപ്രതികളാണ്. കോടതികളുടെ ശിക്ഷയ്ക്കു മുമ്പ് കുട്ടികളുടെ കാവൽക്കാർ ശിക്ഷണവും ചികിത്സയും ഉറപ്പാക്കിയാൽ വരാനിരിക്കുന്ന ഇരകളെങ്കിലും രക്ഷപ്പെടും.
Tags : EDITORIAL DEEPIKA DEEPIKA EDITORIAL Kazhakkoottam