Editorial Audio
ഡ്രൈവിംഗില്‍ ദുഷ്പേരുള്ള താൻ നന്നാകാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ഇപ്പോള്‍ സ്വന്തമായി ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കിയെന്ന മമ്മൂട്ടിയുടെ ‘പരസ്യകുന്പസാരം’ പരോക്ഷമായി കേരളത്തോടുള്ള ‘വെല്ലുവിളി’യാണ്. നിയമവിരുദ്ധമായി വാഹനം ഓടിക്കില്ലെന്നു തീരുമാനിക്കാൻ ധൈര്യമുണ്ടോയെന്ന്.
2025ൽ 49,889 റോഡപകടങ്ങളിലായി 3,733 പേരുടെ ജീവനെടുക്കുകയും 56,922 പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേരളം അഥവാ നാം ഇത് ഏറ്റെടുക്കേണ്ടതല്ലേ? നമ്മുടെ ഒരൊറ്റ യെസ്, ചിലപ്പോൾ ചരിത്രമാകും; രാജ്യത്തിനു മാതൃകയാകുന്ന രക്തരഹിത നിരത്തിന്റെ ചരിത്രം.
2030ഓടെ റോഡപകട മരണങ്ങളും പരിക്കുകളും പകുതിയായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണു സമഗ്ര ജീവന്‍രക്ഷാ പദ്ധതിയായ ‘ജീവ സുയാത്ര മിഷന്’ സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. സുരക്ഷിത നിരത്തുകള്‍, സുരക്ഷിത പെരുമാറ്റം, അപകടനന്തര അടിയന്തര പ്രതികരണം, സുരക്ഷിത വേഗം, സുരക്ഷിത വാഹനങ്ങള്‍ എന്നീ അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങളാണുള്ളത്. ഇതിലെ സുരക്ഷിത വേഗം, സുരക്ഷിത പെരുമാറ്റം എന്നീ രണ്ടു കാര്യങ്ങൾ വാഹനമോടിക്കുന്നവർ പാലിക്കേണ്ടതാണ്.
അതേക്കുറിച്ചാണ്, ജീവ സുയാത്ര മിഷന്റെ ബ്രാൻഡ് അംബാസഡറായ മമ്മൂട്ടി ഉദ്ഘാടനച്ചടങ്ങിൽ പ്രചോദനാത്മകമായൊരു തുറന്നുപറച്ചിൽ നടത്തിയത്. “കാറുകളോടുള്ള താത്പര്യം കാരണം അത്യാവശ്യം വേഗത്തില്‍ വാഹനമോടിക്കാന്‍ ആഗ്രഹിക്കുന്നയാളാണു ഞാന്‍. പക്ഷേ, നന്നാകാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ഇപ്പോള്‍ സ്വന്തമായി ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കി. റോഡപകടങ്ങളില്‍ 99 ശതമാനവും അമിതവേഗവും അശ്രദ്ധയും മൂലമാണ്. റേസിംഗിനുള്ള സ്ഥലമല്ല പൊതുവഴികള്‍. ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ട്രിപ്പിന്റെ സമയം ക്രമീകരിക്കേണ്ടതുണ്ടെങ്കില്‍ അതു ചെയ്യണം.”
മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും പ്രധാനമാണ്. “ഗതാഗത നിയമലംഘനങ്ങളിൽ ശിപാർശയുമായി ആരു വിളിച്ചാലും ഉദ്യോഗസ്ഥർ ചെവി കൊടുക്കേണ്ട.” ഈ പ്രസംഗം നടപ്പാകണം. എന്റെ അപ്പൻ നോക്കിക്കൊള്ളും, പാർട്ടി നോക്കിക്കൊള്ളും, നേതാവ് നോക്കിക്കൊള്ളും, മന്ത്രി നോക്കിക്കൊള്ളും, ഉദ്യോഗസ്ഥൻ നോക്കിക്കൊള്ളും എന്നൊക്കെ പറയുന്നവരുടെ മുന്നിൽ നടു വളയ്ക്കുന്നവരുണ്ട്. അവരെ കൂട്ടുപ്രതിയാക്കുക.
സത്യസന്ധരായ ഉദ്യോഗസ്ഥർക്കു സംരക്ഷണം നൽകുക. 2019ൽ തിരുവനന്തപുരത്ത് മദ്യപിച്ചു വാഹനമോടിച്ചു മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കൊന്ന കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനുവേണ്ടി സർക്കാരും ഉദ്യോഗസ്ഥരും നടത്തിയ അട്ടിമറി കേരളം മറന്നിട്ടില്ല. 2024 നവംബറിൽ തൃശൂരിൽ മദ്യപൻ ഓടിച്ച ലോറിക്കടിയിൽ പെട്ട് അഞ്ചുപേരാണു കൊല്ലപ്പെട്ടത്. ആ ഡ്രൈവർ രാത്രിയിൽ മാഹിയിൽനിന്നു മദ്യപിച്ച് തൃശൂരോളം 180 കിലോമീറ്റർ വാഹനമോടിച്ചിട്ടും പരിശോധിക്കാൻ ഒരുദ്യോഗസ്ഥനും വഴിയിൽ ഇല്ലായിരുന്നു.
മറ്റൊരു മരണക്കെണിയുണ്ട്. പഞ്ചായത്ത് വഴി മുതൽ ദേശീയപാതകളിൽ വരെ യാത്രക്കാരെ കാത്തിരിക്കുന്ന കുഴികൾ. ഒരു ജീവനെങ്കിലും ബലി കൊടുക്കുവോളം ഉദ്യോഗസ്ഥർ അനങ്ങില്ല. ആ കുഴികളിൽ പലതിനും ഉത്തരവാദികൾ ജലവിഭവവകുപ്പാണ്. കോടികൾ മുടക്കി റോഡ് പണിതയുടനെ കുത്തിപ്പൊളിച്ചിട്ട് ഒന്നുമറിയാതെ വീട്ടിലിരുന്നു റോഡപകടത്തിന്റെ വാർത്ത വായിക്കുന്ന വകുപ്പ് ഉദ്യോഗസ്ഥർക്കുമേലും ഒരു കണ്ണു വേണം.
റോഡ് നശിപ്പിക്കാതെ പൈപ്പിടാനും നന്നാക്കാനുമുള്ള സാങ്കേതികവിദ്യ ഇല്ലാഞ്ഞിട്ടല്ല, എത്ര വെട്ടിപ്പൊളിച്ചാലും ചോദിക്കാനോ ഖജനാവിലെ പണം തുലച്ചതിനു ശിക്ഷിക്കാനോ ആളില്ല. തകർന്നുകിടക്കുന്ന റോഡുകൾ ഏതൊക്കെയെന്ന് അറിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലൊരാൾ മാസത്തിലൊരിക്കൽ ഒന്നു പുറത്തിറങ്ങിയാൽ മതി. അല്ലെങ്കിൽ പത്രമൊന്നു വായിച്ചാൽ മതി.
സ്കൂളുകളിലും കോളജുകളിലും റോഡ് സുരക്ഷാ ബോധവത്കരണം, അപകടമേഖലകള്‍ കണ്ടെത്തിയുള്ള അത്യാധുനിക എന്‍ജിനിയറിംഗ് പരിഹാരങ്ങള്‍, നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള ഗതാഗത നിയമപാലനം എന്നിവയും സർക്കാർ നടപ്പാക്കുമെന്നു പറഞ്ഞിട്ടുണ്ട്. മതി; വാക്കു പാലിച്ചാൽ മതി. മാന്യവും സുസ്ഥിരവുമായ ഒരു റോഡ് സംസ്കാരത്തെ മുൻനിർത്തി പ്രൈമറി സ്കൂൾ തലം മുതൽ അവബോധ പാഠ്യപദ്ധതിയും ഉറപ്പാക്കണം. കുട്ടികളെ മുഷിപ്പിക്കുന്ന പ്രസംഗമല്ല, പൗരബോധം വളർത്തുന്ന പാഠ്യപദ്ധതിയാണു വേണ്ടത്.
നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനൊപ്പം റോഡുകളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ സര്‍ക്കാരും ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. ഗൾഫോ യൂറോപ്പോ അമേരിക്കയോ ആകട്ടെ, വിദേശത്തെ നിരത്തുകളിലൂടെ യാത്ര ചെയ്തിട്ടുള്ളവർക്കെല്ലാം ബോധ്യപ്പെടുന്ന കാര്യങ്ങളുണ്ട്. ശാസ്ത്രീയമായി നിർമിച്ചതും കൃത്യമായ മാർഗനിർദേശങ്ങൾ അടയാളപ്പെടുത്തിയതുമായ റോഡുകൾ യാത്ര സുരക്ഷിതമാക്കുന്നു. നിയമം പാലിക്കാൻ സ്കൂളിൽനിന്നു പഠിച്ച പൗരർ നിയമാനുസൃതം അല്ലെങ്കിൽ മറ്റുള്ളവർക്ക് മുൻഗണന നൽകി ഡ്രൈവ് ചെയ്യുന്നു.
ആവശ്യമില്ലാതെ ഹോണടിക്കുകയോ ഹെഡ്ലൈറ്റ് ബ്രൈറ്റ് ആക്കുകയോ ചെയ്യില്ല. അതിനു ശിക്ഷയുണ്ടായിട്ടല്ല, അതാണു പഠിച്ചത്. കേരളത്തിലേതുപോലെ സ്പീഡ് നിയന്ത്രിത മാർഗങ്ങൾ വാഹനം മറിച്ചിടാനുള്ളതല്ല, അപകടം ഒഴിവാക്കാനുള്ളതാണ്. ആപത്കരമായി വാഹനങ്ങളുടെ വേഗം കുറയ്ക്കേണ്ടിവരുന്ന ബംപുകളല്ല, മുന്നറിയിപ്പോടെ സുരക്ഷിതമായി വേഗം കുറയ്ക്കാനുള്ള ഹംപുകളാണ് ഉള്ളത്. പരിധിയിൽ കൂടിയ അളവിൽ മദ്യപിക്കുകയോ അമിതവേഗത്തിൽ വാഹനമോടിക്കുകയോ ചെയ്യുന്നവർ ഏറെ ദൂരം പോകുന്നതിനുമന്പ് പൊലിസിന്റെ വലയിലാകും. പ്രധാനപ്പെട്ട കാര്യം, അപകടമുണ്ടാക്കിയാൽ രക്ഷിക്കാൻ അഴിമതിക്കാരായ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ഇല്ല.
അതേ; കെടുകാര്യസ്ഥതയില്ലാത്ത സർക്കാരും അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥരും പൗരബോധമുള്ള ജനങ്ങളും ഒന്നിച്ചാൽ ‘ജീവ സുയാത്ര മിഷന്’ സാധ്യമാണ്. മനസിലാകാത്ത ഒരു കാര്യമേയുള്ളൂ. ഇതിനായി നാലു വർഷം കാത്തിരിക്കുന്നത് എന്തിനാണ്? പ്രസംഗത്തിന്റെ വേഗം പ്രവൃത്തിക്കില്ലാത്ത ഭരണയന്ത്രത്തിന് കാര്യക്ഷമതയുടെ എണ്ണകൂടി ഇട്ടിരുന്നെങ്കിൽ! മമ്മൂട്ടിയുടേതുപോലെ പെട്ടെന്നു തീരുമാനമെടുത്താൽ നമ്മുടെ നിരത്തിലെ ചോരപ്പാടുകൾ ഇന്നുമുതൽ മാഞ്ഞുതുടങ്ങും
Tags : DeepikaEditorial Editorial News Deepika DeepikaNewspaper BreakingNews NewsUpdate