സ്കോൾ-കേരള: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം
Wednesday, July 23, 2025 11:03 PM IST
തിരുവനന്തപുരം: സ്കോൾകേരള മുഖേനെയുള്ള ഹയർസെക്കൻഡറി കോഴ്സുകളിൽ 202527 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസിയിൽ ഉപരിപഠന യോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.
25 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ഓഗസ്റ്റ് 16 വരെയും 60 രൂപ പിഴയോടെ ഓഗസ്റ്റ് 25 വരെയും ഫീസടച്ച് www.scolekerala.org വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങൾക്കും രജിസ്ട്രേഷനുള്ള മാർഗ നിർദേശങ്ങൾക്കും പ്രോസ്പെക്ടസിനും സ്കോൾകേരളയുടെ വെബ്സൈറ്റ് സന്ദർശിക്കുക.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളിൽ നേരിട്ടോ, സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗമോ അയയ്ക്കണം. ജില്ലാകേന്ദ്രങ്ങളുടെ മേൽവിലാസം സ്കോൾകേരള വെബ്സൈറ്റിൽ ലഭ്യമാണ്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 2342950, 2342271, 2342369.