പിജി ഡെന്റൽ: അപേക്ഷ സമർപ്പിക്കുന്നതിന് വീണ്ടും അവസരം
Wednesday, August 20, 2025 10:34 PM IST
തിരുവനന്തപുരം: 202526 അധ്യയന വർഷത്തെ പിജി ഡെന്റൽ കോഴ്സ് പ്രവേശനത്തിനുള്ള നീറ്റ് എംഡിഎസ് പ്രവേശന പരീക്ഷയുടെ യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ബിരുദാനന്തര ബിരുദ ഡെന്റൽ കോഴ്സിൽ സംസ്ഥാനത്തെ കോളജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നതും പുതുക്കിയ മാനദണ്ഡ പ്രകാരം നീറ്റ് എംഡിഎസ് യോഗ്യത നേടിയിട്ടുള്ളവരുമായ വിദ്യാർഥികളിൽനിന്നും പ്രവേശന പരീക്ഷാ കമ്മീഷണർ ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
യോഗ്യരായ വിദ്യാർഥികൾക്ക് 24നു രാത്രി 11.59 വരെ അപേക്ഷിക്കാം. മൂന്നാം ഘട്ട അലോട്ട്മെന്റിനു ശേഷം സംസ്ഥാന ഡെന്റൽ കോളജുകളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് മാത്രമായിരിക്കും പുതുതായി യോഗ്യത നേടിയ വിദ്യാർഥികളെ പരിഗണിക്കുന്നത്.
പുതുതായി അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾ നേറ്റിവിറ്റി, ജനന തീയതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും കമ്യൂണിറ്റി/കാറ്റഗറി/ഫീസ് ആനുകൂല്യം (ബാധകമായവർക്ക് മാത്രം) എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും ഓൺലൈൻ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വിശദമായ വിജ്ഞാപനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www. cee. kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.